-->
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ച സംഭവത്തില്‍ വകുപ്പ് മേധാവിക്ക് നോട്ടീസ് നല്‍കി സുപ്രണ്ടന്റ്. ഡോക്‌ടര്‍ അടിയന്തരമായി മെമ്മോയിക്ക് മറുപടി നല്‍കണമെന്ന് ആശുപത്രി സൂപ്രണ്ട് എ. ഷാജി അറിയിച്ചു.
വകുപ്പ് മേധാവിയായ ഡോക്‌ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുന്നതാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.ആശുപത്രിയില്‍ എല്ലാവിധസൗകര്യങ്ങളും ഉണ്ട്, ജീവനക്കാരുടെ കുറവ് ഇല്ല ,നോട്ടീസ് പതിച്ച അദ്ദേഹത്തിന്‍റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം പത്തിലധികം സ്‌റ്റാഫ് ഉണ്ട്. പെയിന്റ് ഇളകിവീഴുന്ന സംഭവം പൂര്‍ണമായി പരിഹരിച്ചുകൊണ്ടിരിക്കുന്നു .ഫാര്‍മസി സൗകര്യം 24 മണിക്കൂറും ഉണ്ട്. സജ്‌ജമായ തീവ്ര പരിചരണ വിഭാഗം മൂന്നെണ്ണം ഉണ്ട് പെയിന്റ് രോഗികളുടെ മേലേക്ക് വീഴുന്നില്ല .എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവിയെയും മന്ത്രിയെയും അടക്കം അറിയിച്ചിട്ടുണ്ട്. സ്വയം വിരമിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയ ആളാണ് നോട്ടീസ് പതിപ്പിച്ച വകുപ്പ് മേധാവി ഡോ. ശിവപ്രസാദ് .അന്നും വിശദാംശങ്ങള്‍ തുടര്‍നടപടിക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറിലേക്ക് അയച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും നടപടികള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറും സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് തുറന്നുപറഞ്ഞ് നോട്ടീസ് പതിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്‌തതകള്‍ അറിഞ്ഞിരിക്കണമെന്ന് ആയിരുന്നു നോട്ടീസ്.
ഓപ്പറേഷന്‍ ചെയ്യുന്ന രോഗികളുടെപൂര്‍ണ ഉത്തരവാദിത്വം ഡോക്‌ടര്‍ക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത് എന്നായിരുന്നു വിശദീകരണം. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്‌തത ജീവഹാനി വരെ വരുത്താം എന്നും വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവം ,പൊളിഞ്ഞു വീഴുന്ന പെയിന്റുകള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ,വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാര്‍മസി ഇല്ലാത്ത അവസ്‌ഥ ,തുടങ്ങി എട്ടുകാര്യങ്ങള്‍ സൂചിപ്പിച്ചാണ് നോട്ടീസ് വകുപ്പ് മേധാവി ഡോ ശിവപ്രസാദിന്റെ നിര്‍ദേശാനുസരണം പതിച്ചത്.ഇത്രയൊക്കെ പോരായ്‌മകള്‍ അറിഞ്ഞുകൊണ്ട് മരണം വന്നാല്‍ കൂടെയും ഓപ്പറേഷന്‍ ചെയ്യാന്‍ പൂര്‍ണ്ണ സമ്മതമാണെന്ന് രോഗി അറിയിക്കണം എന്നും സമ്മതപത്ര മാതൃകയിലുള്ള നോട്ടീസ് പറഞ്ഞിരുന്നു.