-->
അടൂര്‍: നടപ്പാതയിലെ വാഹന പാര്‍ക്കിംഗ് മൂലം കാല്‍നട യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. അടൂര്‍ പാര്‍ത്ഥസാരഥി ജംഗ് ഷനില്‍ വണ്‍വെറോഡ് അവസാനിക്കുന്ന ഭാഗത്ത് അടുത്തിടെ ആരംഭിച്ച ബസാറിന് മുന്നിലാണ് കാല്‍നട യാത്രയ്‌ക്ക് തടസം സൃഷ്‌ടിക്കുംവിധം പകല്‍ ഏതു നേരവും വാഹനം ഇട്ടിരിക്കുന്നത്. കടയില്‍ സാധനം വാങ്ങാ നെത്തുന്നവരാണ് കാല്‍നട യാത്ര തടസപ്പെടുത്തും വിധം കാറുകള്‍ കൊണ്ടിട്ടിട്ട് കടയില്‍ പോകുന്നത്. കടയിലെ തിരക്ക് കാരണം സാധനം വാങ്ങി വരാന്‍ രണ്ടും മൂന്നും മണിക്കൂര്‍ സമയം വേണ്ടിവരും. ഈ സമയമത്രയും വാഹനം കാല്‍നടയാത്രയ്‌ക്കുള്ള ഭാഗത്ത് കിടക്കും.സാധനം വാങ്ങി തിരികെ എത്തി കാറെടുത്താല്‍ അടുത്ത വാഹനം അവിടെ പാര്‍ക്ക് ചെയ്യും.
ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട സ്‌ഥിതിയാണ് ഉള്ളത്.നടപ്പാതയിലും നടപ്പാതയോട് ചേര്‍ന്ന് റോഡരുകിലും ഒക്കെയായി വാഹനം പാര്‍ക്ക് ചെയ്യുന്നത് മൂലം ടൗണില്‍ ഗതാഗത കുരുക്കിനും ഇത് ഇടയാക്കും.
നഗര പരധിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യം ഉണ്ടെങ്കിലെ പ്രവര്‍ത്തന അനുമതി നല്‌കാവു എന്നാണ് ചട്ടം. കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ ഇത് പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പുതിയ നഗരസഭാ ഭരണാധികാരികള്‍ പരിശോധിക്കണമെന്ന ആവശ്യം ഉയരുണ്ട്.
കെട്ടിടത്തിന്റെ പുറകില്‍ നാമമാത്രമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനെ സ്‌ഥലം ഉള്ളൂ. അതെപ്പോഴും നിറഞ്ഞ് കിടക്കുന്ന അവസ്‌ഥയാണ്. പിന്നെ വരുന്ന വാഹനങ്ങള്‍ റോഡരുകില്‍ ഗതാഗതത്തിന് തടസം സൃഷ്‌ടിച്ചും കാല്‍ നടയാത്രയ്‌ക്ക് തടസം ഉണ്ടാ ക്കിയുമാണ് പാര്‍ക്ക് ചെയ്യുന്നത്. ഈ വ്യാപാര സ്‌ഥാപനത്തിന് മുന്നില്‍ കടയുടെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥര്‍ ഉണ്ടെങ്കിലും നടപ്പാതയില്‍ വാഹനം ഇടാതിരിക്കാന്‍ നിര്‍ദേശം നല്‌കുന്നില്ലന്ന് പരാതിയുണ്ട്. ഏറെ തിരക്കുള്ള ഭാഗംകൂടിയാണിവിടം.
നിരവധി കടകള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, ശ്രീമൂലം ചന്ത എന്നിവിടങ്ങളില്‍ വരുന്നവരെകൊണ്ട് മിക്കപ്പോഴും നടപ്പാത നിറയും.ശ്രീമൂലം മാര്‍ക്കറ്റ് ദിവസം നടപ്പാതയില്‍ തിങ്ങി നിറഞ്ഞാണ് ആള്‍ക്കാര്‍ പോകുന്നത് . കൂടാതെ ഇതിന് സമീപത്തുള്ള സ്‌കുളുകളി ല്‍ നിന്നുള്ള കുട്ടികള്‍ പോകുന്നതും വരുന്നതും ഈ നടപാതയിലൂടെയാണ്. ഇതിനടുത്താണ് എ.ഇ.ഒ ഓഫീസ് സ്‌ഥിതിചെയ്യുന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ ഉദ്യോഗസ്‌ഥരുടെയും
കുട്ടികളുടെയും തിരക്കുണ്ട്. കൂടാതെ ഇതിന് സമീപത്തായി ബസ് സ്‌റ്റോപ്പുമുണ്ട്. ശ്രീമൂലം ചന്ത പ്രവര്‍ത്തിക്കുന്ന ദിവസം നൂറ് കണക്കിനാള്‍ക്കാരാണ് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഇതു വഴി പോകുന്നത്.
നടപ്പാതയ്‌ക്ക് കുറുകെ കാറുകള്‍ ഇടുന്നതുമൂലം ഏറെ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്‌ഥയാണ് കാല്‍ നട യാത്രക്കാര്‍ക്ക്.
ഈ സമയം റോഡിലൂടെ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ കാല്‍നട യാത്രക്കാരെ ഇടിച്ചിടാനും സാധ്യതയുണ്ട്.ഇന്നലെ നടപ്പാതയില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ചില വാഹനങ്ങള്‍ക്ക് അടൂര്‍ ട്രാഫിക്ക് പോലീസ് പെറ്റി നല്‌കിയിരുന്നു.
കാല്‍നടയാത്രയ്‌ക്ക് തടസമുണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്‌തമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.