-->
പൊന്‍കുന്നം: സ്വകാര്യ ബസ് സ്‌റ്റാന്‍ഡില്‍ അപകടസാധ്യത ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധയും ക്രമീകരണവും വേണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ കാല്‍പ്പാദത്തിലൂടെ കെ.എസ്.ആര്‍.ടി.സി.ബസ് കയറി ഗുരുതര പരുക്കേറ്റിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനു മുമ്പും നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പരുക്കേറ്റിണ്ട്.
സ്‌റ്റാന്റിലേക്കും തുടര്‍ന്നും അമിതവേഗത്തിലാണ് ചില ബസുകള്‍ കടന്നുപോകുന്നത്. സ്‌റ്റാന്‍ഡില്‍ എന്‍.എസ്.എസ്.യൂണിയന്‍ കെട്ടിടത്തിന്റെ മുന്നില്‍ പാലാ, ചങ്ങനാശേരി റൂട്ടുകളിലേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടമാണ്. കോട്ടയം- കുമളി റൂട്ടിലുള്ള ബസുകള്‍ ചിറക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ മുന്നില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കി പോകുകയാണ് രീതി. ഇവിടെ ബസ് ഇറങ്ങുന്നവര്‍ പാലാ റൂട്ടിലേക്കുള്ള ബസിലേക്ക് കയറാന്‍ സ്‌റ്റാന്റിനു നടുവിലൂടെ നടക്കുമ്പോഴാകും ബസുകള്‍ കവാടത്തിലെ റോഡിലൂടെ കയറി സ്‌റ്റാന്‍ഡിന്റെ മധ്യഭാഗത്തേക്കെത്തുന്നത്. നിയന്ത്രണമില്ലാത്ത വേഗത്തിലെത്തുന്ന ബസുകളുടെ മുന്‍പില്‍ അകപ്പെടുകയാണ് യാത്രക്കാര്‍. ഇതിനിടെ ബസ് കണ്ട് ഓടിമാറാന്‍ ശ്രമിച്ചാല്‍ അതിലേറെ അപകടമാകും.
രാവിലെയും വൈകീട്ടും വിദ്യാര്‍ഥികളുടെ തിരക്കുകൂടിയാകുമ്പോള്‍ ഏറെ അപകടസാധ്യതയാണ് ബസ് സ്‌റ്റാന്‍ഡില്‍. കയറിയിറങ്ങിപ്പോകേണ്ട ബസുകള്‍ ഏറെ നേരം നിര്‍ത്തിയിടുന്നതുമൂലം പിന്നാലെയെത്തുന്ന ബസുകള്‍ സ്‌റ്റാന്‍ഡില്‍ പ്രവേശിക്കാനാകാതെ കവാടത്തിലെ റോഡിലും ദേശീയപാതയിലും നിര്‍ത്തിയിടുന്നതും പതിവാണ്. ഇതുമൂലം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു.ബസ് സ്‌റ്റാന്‍ഡിന്റെ ഉടമസ്‌ഥതയുള്ള ചിറക്കടവ് പഞ്ചായത്തും പോലീസും കൃത്യമായ ഗതാഗത ക്രമീകരണമുണ്ടാക്കുകയും പാലിക്കാന്‍ ബസ് ജീവനക്കാരെ നിര്‍ബന്ധിക്കുകയും ചെയ്‌തില്ലെങ്കില്‍ അപകടങ്ങളേറുമെന്ന് യാത്രക്കാര്‍ ഭയക്കുന്നു.