-->
കോട്ടയം: അമ്പതു വര്‍ഷം മുമ്പ് ഒരു സായാഹ് നത്തില്‍ തിരുനക്കര ക്ഷേത്ര മൈതാനത്ത് ഒത്തുകൂടിയ ഒരു കൂട്ടം സംഗീത പ്രേമികളില്‍ ഉടലെടുത്ത ആശയത്തിന് അമ്പതിന്റെ നിറവ്.
ശാസ്‌ത്രീയ സംഗീതത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ അക്ഷര നഗരിയ്‌ക്കു പരിചയപ്പെടുത്തിയ രഞ്‌ജിനി സംഗീത സഭയാണ് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്.
ഡോ.എസ്.കെ.മൂര്‍ത്തി, കെ.ജെ.കെ. പോറ്റി, എസ്‌്്. രാജന്‍, ജി.വിശ്വനാഥന്‍ തുടങ്ങിയ പത്തോളം സംഗീത ആസ്വാദകരാണ് സംഗീത സഭ രൂപീകരിക്കണമെന്ന ആശയത്തിനു വിത്തിട്ടത്.
1976 ജനുവരി 4ന് കോട്ടയം അയ്യപ്പസേവാസംഘം ഹാളില്‍ യോഗം ചേര്‍ന്ന് സംഘടനക്ക് ഏകദേശ രൂപം നല്‍കി. മൂന്നു മാസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 29ന് കുമരകം ശങ്കുണ്ണി മേനോന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഭിഭാഷകനായിരുന്ന എന്‍ കൃഷ്‌ണയ്യര്‍ വിളക്കു കൊളുത്തി സഭ ഉദ്‌ഘാടനം ചെയ്‌തു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് നയിച്ച സംഗീത സദസായിരുന്നു ആദ്യ പരിപാടി. തുടര്‍ന്ന്, അഞ്ച് ദശാബ്‌ദകാലം മുടക്കം കൂടാതെ എല്ലാ മാസവും സംഗീത സദസ്, ഡാന്‍സ്, കഥകളിപദകച്ചേരി, സംഗീത മല്‍സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ നടന്നു വരുന്നു.
ഒന്നാം വാര്‍ഷികത്തില്‍ മദ്രാസ് കല്യാണരാമന്റെ സംഗീത സദസ് ആയിരുന്നു പ്രധാന പരിപാടി.ശെമ്മാന്‍ കുടി ശ്രീനിവാസ അയ്യര്‍, എം.എല്‍. വസന്തകുമാരി, ഡി.കെ. പട്ടാംബാള്‍, ആലത്തൂര്‍ സഹോദരന്മാര്‍, മഹാരാജപുരം സന്താനം, മധുര സോമസുന്ദരം, ശീര്‍കാഴി ഗോവിന്ദരാജന്‍, കെ.വി. നാരായണ സ്വാമി, ഡോ. എം. ബാലമുരളികൃഷ്‌ണ, ഡോ. കെ.ജെ. യേശുദാസ്, നെടുനൂരി കൃഷ്‌ണമൂര്‍ത്തി, ടി. എന്‍ ശേഷഗോപാലന്‍, ബി.വി. രാമന്‍,ബി.വി. ലക്ഷ്‌മണ്‍, ശുലമംഗലം സഹോദരിമാര്‍, രാധാ ജയ ലക്ഷ്‌മ്മി, ലാല്‍ഗുഡി ജയരാമന്‍, റ്റി.എന്‍.കൃഷ്‌ണന്‍, എം. എസ്. ഗോപാലകൃഷ്‌ണന്‍, കുന്നകുടി വൈദ്യനാഥന്‍, ഉമയാള്‍പുരം ശിവരാമന്‍, ടി.വി. ഗോപാലകൃഷ്‌ണന്‍, പാലക്കാട് രഘു, ചിട്ടി ബാബു, 5 ബാലചന്ദര്‍, നാമഗിരിപേട്ട കൃഷ്‌ണണന്‍, ഷേക് ചിന്ന മൗലാന, തിരുവിഴ ജയശങ്കര്‍, കദ്രി ഗോപാല്‍ നാഥ്, യു.ശ്രീനിവാസ്, എന്‍. രമണി, സിക്കിള്‍ സിസ്‌റ്റേഴ്‌സ് വൈജയന്തി മാല, ചിത്ര വിശ്വേശ്വരന്‍, മഞ്‌ജുഭര്‍ഗവി, ശാന്ത ധനഞ്‌ജയന്‍, ശോഭന, രേവതി എന്നിവര്‍ സഭയിലെത്തിയ ഏതാനും പ്രശസ്‌തര്‍ മാത്രം.
കെ.ജെ.യേശുദാസ് അഞ്ചു തവണയാണ് രഞ്‌ജിനിയില്‍ പരിപാടി അവതരിപ്പിച്ചത്.
തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡിലാണ് സഭയുടെ ഓഫീസ്‌്, ഇവിടെ സംഗീത ക്ലാസുകളും ചെറിയ പരിപാടികളും നടത്തപ്പെടുന്നു.