Saturday, March 14, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.59 AM

അടുപ്പ്‌ പുകഞ്ഞേ പറ്റൂ, തീപിടിച്ച്‌ വിറക്‌ വില

uploads/news/2026/03/829998/1.jpg

കോട്ടയം: ലൈറ്റര്‍തുമ്പില്‍ ഇനി അടുപ്പ്‌ കത്തില്ല, തീപ്പെട്ടിയും വിളക്കും വിറകും വീണ്ടും അടുക്കളയിലേക്ക്‌. പാചക വാതക ലഭ്യതക്കുറവിനു പിന്നാലെ തീപിടിച്ച്‌ വിറകു വില. രണ്ടാഴ്‌ച മുമ്പ്‌ വരെ 70 രൂപയ്‌ക്കു വിറ്റിരുന്ന കെട്ടുവിറക്‌ വില 120 രൂപ വരെയായി.
റബര്‍ വിറകാണിത്‌. മറ്റു വിറകുകളുടെ വില ടണ്ണിന്‌ 3000 -3500 രൂപയാണ്‌്. മിക്കയിടങ്ങളിലും ഇവയുടെ വിലയും നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്‌. മില്ലുകളില്‍ തടി അറുത്ത ശേഷം മിച്ചം വരുന്ന വിറകിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്‌. ജില്ലയില്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ കൂടുതലും വില്‍ക്കപ്പെടുന്നത്‌ കെട്ടുവിറകാണ്‌.
റബറിന്റേത്‌ ഉള്‍പ്പെടെ ജില്ലയില്‍ വിറക്‌ ഏറെയുണ്ടെങ്കിലും ഏറിയ പങ്കും പെരുമ്പാവൂരിലേക്കും തമിഴ്‌നാട്ടിലേക്കും കയറ്റി അയയ്‌്ക്കുകയാണ്‌. അമ്പതിലേറ ലോഡ്‌ വിറക്‌ ഓരോ ദിവസവും ജില്ലയില്‍ നിന്ന്‌ കയറ്റി അയയ്‌ക്കുന്നുണ്ട്‌. റബര്‍ വിറകിന്റെ ചെറിയൊരു അംശം മാത്രമാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌.
ആഞ്ഞിലി,പ്ലാവ്‌, മരുതി തുടങ്ങിയവയുടെ വിറകിന്‌ ചൂടേറെയുണ്ടെങ്കിലും കൂടുതലും കയറ്റി അയയ്‌ക്കുകയാണ്‌.
തടി വ്യവസായത്തിന്റെ കേന്ദ്രമായ പെരുമ്പാവൂരില്‍ ഒരാഴ്‌ചയ്‌ക്കിടെ വിറകിനു ടണ്ണിന്‌ 200 -500 രൂപ വര്‍ധിച്ചതോടെ തടിയും വിറകും തേടി വീടുകളില്‍ എത്തുന്ന വ്യാപാരികളുടെ എണ്ണമേറി. എന്നാല്‍, പഴയ വില തന്നെയാണ്‌ കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്‌.
തടിമില്ലുകളില്‍ തടികള്‍ അറുത്തു പലകകളാക്കിയതിനുശേഷം ബാക്കി വരുന്ന വിറകിന്‌ ടണ്ണിന്‌ 1500 രൂപ മുതല്‍ 2000 രൂപ വരെയും റബര്‍ വിറകിന്‌ 3000 മുതല്‍ 3500 രൂപയുമായി പെരുമ്പാവൂര്‍ മേഖലയില്‍ വര്‍ധിച്ചിട്ടുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.
നേരത്തെ അറക്കപ്പൊടി അടുപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, പാചക വാതക ഉപയോഗം വ്യാപകമായതോടെ അറക്കപ്പൊടി പൂര്‍ണമായും തമിഴ്‌നാട്ടിലേക്കു കൊണ്ടു പോകുകയാണ്‌. ഇതോടെ മില്ലുകളില്‍ നിന്നുള്ള അറക്കപ്പൊടി വില്‍പ്പനയും കുറഞ്ഞു.
അറക്കപ്പൊടിയും ഇവിടെ നിന്നു കൊണ്ടു പോകുന്ന വിറകും അരച്ച്‌ പെല്ലറ്റ്‌ രൂപത്തിലാക്കി ബ്രിക്കറ്റ്‌ എന്ന പേരില്‍ വില്‍ക്കുകയാണ്‌. ഏലക്കായ ഉണങ്ങുന്ന സ്‌റ്റോറുകള്‍, ഡ്രയറുകള്‍ എന്നിവിടങ്ങളിലേക്കാണ്‌ ബ്രിക്കറ്റുകള്‍ കൊണ്ടുപോകുന്നത്‌. വിറകിന്റെയും അറക്കപ്പൊടിയുടെയും വില വര്‍ധിച്ചതോടെ വരും സീസണില്‍ ബ്രിക്കറ്റിന്റെയും വില വര്‍ധിക്കും.നിലവില്‍ കിലോയ്‌ക്ക് 6- 6.5 രൂപയ്‌ക്കാണ്‌ ബ്രിക്കറ്റ്‌ വില്‍പ്പന.
പാചകവാതക
ഏജന്‍സിയില്‍
തിരക്ക്‌

കോട്ടയം: സിലിണ്ടര്‍ കിട്ടാതെ വരുമോ എന്ന ഭയത്താല്‍ ബുക്ക്‌ ചെയ്‌തവരും ബുക്ക്‌ ചെയ്യാന്‍ കഴിയാത്തവരുമൊക്കെ എത്തിയതോടെ പാചകവാതക ഏജന്‍സിയില്‍ തിരക്ക്‌. പാചക വാതകത്തിന്‌ കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ്‌ ഏജന്‍സികള്‍ക്കു മുന്നില്‍ വന്‍ ക്യൂ രൂപപ്പെടുന്നത്‌. ഗാര്‍ഹികോപയോഗത്തിനുള്ള സിലിണ്ടര്‍ ബുക്ക്‌ ചെയ്‌താല്‍ അടുത്ത ദിവസംതന്നെ കിട്ടിയിരുന്ന സ്‌ഥിതി ഇപ്പോഴില്ല. ഒറ്റ സിലിണ്ടര്‍ ഉള്ളവര്‍ 21 ദിവസവും ഇരട്ട സിലിണ്ടര്‍ ഉള്ളവര്‍ 30 ദിവസവും ഇടവിട്ട്‌ എന്ന രീതിയിലാണ്‌ വിതരണം.
നിയന്ത്രണം ഇങ്ങനെയാണെങ്കിലും ഇപ്പോള്‍ കൃത്യമായി ബുക്ക്‌ ചെയ്യാനും കഴിയുന്നില്ല. ബുക്ക്‌ ചെയ്യുന്ന പാചകവാതക സിലിണ്ടര്‍, വിതരണത്തിന്‌ വീടുകളില്‍ കൊണ്ടു വരുമ്പോള്‍ ഒ.ടി.പി. നിര്‍ബന്ധമാണ്‌.
ബുക്ക്‌ ചെയ്‌തവര്‍ക്കുപോലും ഇപ്പോള്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്‌. ഫോണ്‍ നമ്പര്‍ വ്യത്യാസം ഉള്‍പ്പെടെ ഉള്ള സാഹചര്യത്തിലും സിലിണ്ടര്‍ വിതരണം ചെയ്യാന്‍ കഴിയില്ല. വീടുകളിലേയ്‌ക്ക് എത്തിക്കുമ്പോഴും ബുക്ക്‌ ചെയ്‌ത് കിട്ടാത്ത സമീപവാസികള്‍ ജീവനക്കാരോട്‌ കയര്‍ക്കുന്ന സംഭവങ്ങളുമുണ്ട്‌. നോമ്പ്‌ കാലമായതിനാല്‍ സിലിണ്ടറിന്‌ ഏറ്റവും ഡിമാന്‍ഡുള്ള സമയം കൂടിയാണ്‌. ഒരു ദിവസം ശരാശരി മൂന്ന്‌ ലോഡ്‌ വരെ ഒരു ഏജന്‍സിയില്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോഴത്‌ ഒരു ലോഡായി കുറഞ്ഞു.
വിതരണകേന്ദ്രത്തില്‍ എത്തുമ്പോള്‍ നല്‍കി തീരും. സുലഭമായി ലഭിച്ചിരുന്നതിനാല്‍, തീരുമ്പോഴോ തീരുമെന്ന്‌ ഉറപ്പാകുമ്പോഴും മാത്രമാണ്‌ പലരും ബുക്ക്‌ ചെയ്‌തിരുന്നത്‌. ഇത്തരക്കാരാണ്‌ ഇപ്പോള്‍ ബുദ്ധിമുട്ടുന്നവരിലേറെയും.

Ads by Google
Advertisement
Friday 13 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW