-->
ചെറുതോണി: അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ആസ്‌ഥാനത്തൊരുക്കിയ ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രം അപകടക്കെണിയാണെന്ന് ആക്ഷേപം. പൈനാവിന് സമീപത്തെ ചെങ്കുത്തായ മലഞ്ചെരുവിലാണ് മോട്ടോര്‍ വാഹന വകുപ്പ് ടെസ്‌റ്റ് യാര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇവിടേക്കെത്തിച്ചേരാന്‍ വാഹന സൗകര്യമില്ല.
ഡ്രൈവിങ് ടെസ്‌റ്റുകള്‍ക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുമ്പോള്‍ ആവശ്യമായ കുടിവെള്ള സൗകര്യം പോലും എര്‍പ്പെടുത്തിയില്ല. ഇതിന് സമീപത്ത് വ്യാപാര സ്‌ഥാപനങ്ങളോ ഭക്ഷണശാലകളോ ഇല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്‌ഘാടന മാമാങ്കങ്ങള്‍ നടക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ ആസ്‌ഥാനമായ പൈനാവില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ടെസ്‌റ്റ് യാര്‍ഡ് ഉദ്‌ഘാടനം ചെയ്‌തത്. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള കിഴുക്കാംതൂക്കായ മലയിടിച്ച് നിര്‍മിച്ച ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രം മഴക്കാലത്ത് ഒലിച്ചുപോകുന്ന സ്‌ഥിതിയാണ്. ലൈസന്‍സ് എടുക്കുന്നതിനായി ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. വലിയ വാഹനങ്ങളിറങ്ങുവാനോ അവയുടെ ടെസ്‌റ്റ് നടത്തുവാനോ ഇവിടെ സൗകര്യമില്ല. ഡ്രൈവിങില്‍ പരിചയം കുറവുള്ളവര്‍ വാഹനമോടിക്കുമ്പോള്‍ നിയന്ത്രണം വിട്ടാല്‍ വാഹനം കൊക്കയില്‍ പതിച്ച് ജീവന്‍ നഷ്‌ടമാകാനുള്ള സാധ്യതയും ഏറെയാണ്. വാഹനം കൊക്കയില്‍ പതിക്കാതെ സംരക്ഷണഭിത്തിയും സുരക്ഷാ ബാരിക്കേഡുകളും നിര്‍മിച്ചില്ല. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വേണ്ടി സീറ്റ് ബെല്‍റ്റുകളും ഹെല്‍മറ്റുകളും നിര്‍ദേശിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഇത്തരം പരിപാടികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് നാട്ടുകാര്‍ പറയുന്നു. നൂറുകണക്കിനാളുകള്‍ ഡ്രൈവിങ് ടെസ്‌റ്റിനെത്തുന്ന മൈതാനത്ത് മഴയും വെയിലുമേല്‌ക്കാതെ കയറി നില്‌ക്കാന്‍ പോലും സൗകര്യമില്ല.
സ്‌ത്രീകള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്‌റ്റിനെത്തുന്ന സ്‌ഥലത്ത് ആകെയുള്ളത് ഒരു ശൗചാലയം മാത്രമാണ്. ഇത്തരത്തില്‍ അസൗകര്യങ്ങളുടെ കുന്നിന്‍ മുകളിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ടെസ്‌റ്റ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ഏക്കര്‍ കണക്കിന് സൗകര്യ പ്രദമായ സര്‍ക്കാര്‍ ഭൂമി ജില്ലാ ആസ്‌ഥാനത്തുണ്ടായിട്ടും അപകടം നിറഞ്ഞ ഭൂമി തെരഞ്ഞെടുത്തത് യാര്‍ഡ് നിര്‍മിച്ചതിന് പിന്നില്‍ വലിയ അഴിമതി ഉണ്ടായിട്ടു ണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണ മെന്നാണ് ജനങ്ങളുടെ ആവശ്യം.