Sunday, March 15, 2026 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.54 AM

മാങ്കുളത്ത്‌ അധികൃതരുടെ അവഗണന; പാമ്പുംകയം നിവാസികള്‍ക്ക്‌ ദുരിതയാത്ര

അടിമാലി: മാങ്കുളത്ത്‌ അധികൃതരുടെ അവഗണനമൂലം നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ ഇന്നും ദുരിതയാത്ര. സുകുമാരന്‍ കട- പാമ്പുംകയം താളുംകണ്ടം റോഡാണ്‌ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ഇവിടെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
മാങ്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിനോട്‌ ആണ്‌ അധികൃതരുടെ അവഗണന. 6, 8, 9, 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മേഖലയിലെ നൂറുകണക്കിന്‌ ആളുകളാണ്‌ ദുരിതമനുഭവിക്കുന്നത്‌. റോഡിന്റെ പൂര്‍ണമായും തകര്‍ന്ന മേഖലകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നതിന്‌ ഫണ്ട്‌ അനുവദിച്ചതായി പറയുമ്പോഴും ഇതുവരെ പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ല.
താളുംകണ്ടത്തിന്‌ സമീപം റോഡില്‍ ഉണ്ടായിരുന്ന ചെറുപാലം ശക്‌തമായ മഴയില്‍ തകര്‍ന്നു പോയിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു. സമീപത്തുള്ള പഴയ കലുങ്കിലൂടെയാണ്‌ ഇപ്പോള്‍ വാഹനങ്ങള്‍ ഓടുന്നത്‌.
റോഡ്‌ നന്നായിരുന്ന ഘട്ടത്തില്‍ ബസ്‌ സര്‍വീസ്‌ വരെ ഉണ്ടായിരുന്നു. താളുംകണ്ടത്തുള്ള സ്വകാര്യ സ്‌കൂളിലേക്കും, പള്ളിയിലേക്കും കാല്‍നടയായി പോലും ആളുകള്‍ക്ക്‌ പോകാന്‍ കഴിയാത്ത അവസ്‌ഥയാണിപ്പോള്‍. ആദിവാസി ഉന്നതികളിലേത്‌ ഉള്‍പ്പെടെ നിരവധി കുട്ടികളാണ്‌ മാങ്കുളത്തേക്കും ദീര്‍ഘദൂരം യാത്ര ചെയ്‌ത് പഠനം നടത്തുന്നത്‌.
റോഡിന്റെ തകര്‍ച്ച പൂര്‍ണമായതോടെ കാല്‍നട പോലും അസാധ്യമായിട്ടും ഈ മേഖലയിലെ ജനങ്ങളെ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും അവഗണിക്കുകയാണന്ന ആക്ഷേപമാണ്‌ ഇപ്പോഴുള്ളത്‌.
അടിമാലി - മാങ്കുളം റോഡില്‍ മാങ്കുളം ടൗണിന്‌ മുന്‍പായി സുകുമാരന്‍കട സിറ്റിയില്‍ നിന്നും ആരംഭിച്ച്‌ പാമ്പുംകയം വഴി താളുംകണ്ടം എത്തുന്ന മൂന്നു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡാണ്‌ ഇത്‌.
അടി യന്തരമായി പ്രശ്‌ന പരിഹാരം കണ്ടില്ലെങ്കില്‍ സമരമാര്‍ഗങ്ങളുമായി മുന്‍പോട്ട്‌ ഇറങ്ങാന്‍ ഒരുങ്ങുകയാണ്‌ കര്‍ഷക കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ വിവിധ സംഘടനകള്‍.

Ads by Google
Advertisement
Friday 13 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW