-->
ചെറുതോണി: ഇടുക്കി ജില്ലാ ആസ്‌ഥാനമേഖലയില്‍ കോടികണക്കിന് രൂപയുടെ വിസ തട്ടിപ്പ് നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഇടുക്കി പോലീസ് അറസ്‌റ്റു ചെയ്‌തു. ഉപ്പുതറ, കോട്ടയം, ഡെല്‍ഹി തുടങ്ങിയ പ്രദേശങ്ങളില്‍ ഭാര്യമാരും കുടുംബവുമുള്ള കോട്ടയം സ്വദേശി റോയി എന്നയാളെയാണ് അറസ്‌റ്റു ചെയ്‌തത്.
യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് എന്ന രാജ്യത്തേക്ക് ബേക്കറിയില്‍ പാക്കിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികള്‍ക്ക് വിസ വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ്. വിസക്ക് 25 ലക്ഷം രൂപയാണ് ചിലവ് അഡ്വാന്‍സായി 10 ലക്ഷം രൂപ നല്‍കണം പിന്നീട് നടപടി കള്‍ പൂര്‍ത്തിയാകുമ്പോള്‍ 13 ലക്ഷം രൂപയും കേറിപ്പോകുമ്പോള്‍ രണ്ടു ലക്ഷം രൂപയും നല്‍കണമെന്നാണ് വ്യവസ്‌ഥ. പണം വാങ്ങുമ്പോള്‍ നോട്ടറി വക്കീല്‍ നല്‍കുന്ന രസീതും നല്‍കും. 13 ലക്ഷം രൂപയുടെ ചെക്കും ഓരോരുത്തരും നല്‍കണം.
ഇടുക്കി മണിയാറന്‍കുടിയിലെ പത്തോളം പേരില്‍നിന്ന് 87 ലക്ഷം രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ട്. മണിയാറന്‍കുടിയില്‍ എത്തിയ ഇയാള്‍ രണ്ടു ചെറുപ്പക്കാരെ കണ്ട് അവര്‍ക്ക് സൗജന്യമായി വിസ വാഗ്‌ദാനം ചെയ്‌തു. ഇവര്‍ വഴി മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
ഇത്തരത്തില്‍ മണിയാറന്‍കുടിയില്‍ നിന്ന് മാത്രം 87 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പലരും വീടും സ്‌ഥലവും പണയം വച്ചും സ്വര്‍ണം വിറ്റുമാണ് പണം നല്‍കിയത്. തീരെ പാവപ്പെട്ടവരാണ് വഞ്ചിക്കപ്പെട്ടത്. വിസ നല്‍കാമെന്ന് പറഞ്ഞ അവധി തെറ്റിയതോടെ വഞ്ചിക്കപ്പെട്ടവര്‍ വാട്ട്‌സാപ്പ് കൂട്ടായ്‌മയുണ്ടാക്കി പരസ്‌പരം ബന്ധപ്പെട്ടിരുന്നു.
ഇതിനിടെയാണ് ഇന്നലെ ഇയാള്‍ ചെറുതോണിയിലെ വക്കീല്‍ ഓഫീസില്‍ 10 പേരുടെ പണം വാങ്ങാനായി എത്തുമെന്ന് അറിഞ്ഞത്. ഈ വിവരം രഹസ്യമായി സൂക്ഷിച്ച് ഇവര്‍ ടൗണില്‍ പല സ്‌ഥലങ്ങളിലായി കാത്തുനിന്നു.
രാവിലെ 11 ഓടെ ഇയാള്‍ വക്കീല്‍ ഓഫീസിലെത്തിയപ്പോള്‍ ഓഫീസ് വളഞ്ഞ് ഇയാളെ തടഞ്ഞു വയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൂന്ന് ഭാര്യമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പണം തിരികെ നല്‍കുന്നതിന് ഒരുമാസം അവധി ചോദിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഇതിനിടെ ഡല്‍ഹിയിലുള്ള ഇയാളുടെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിളിച്ച് തന്റെ ഭര്‍ത്താവിനെ തടഞ്ഞു വച്ചതായി അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഇടുക്കി പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ 10 ലക്ഷം രൂപ വീതം 10 പേരില്‍ നിന്ന് പണം വാങ്ങാനാണ് ചെറുതോണിയിലെത്തിയത്.
വഞ്ചിക്ക പ്പെട്ടവരുടെ സമയോജിതമായ ഇടപെടല്‍ മൂലം 10 പേരില്‍നിന്ന് പണം വാങ്ങാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. വലിയ വിസ തട്ടിപ്പ് സംഘത്തിന്റയാളാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നത്.
പഞ്ചാബ്, ഡല്‍ഹി എന്നിവടങ്ങളില്‍ ഓഫീസുണ്ടെന്ന് ഇയാള്‍ എല്ലാവരോടും പറഞ്ഞിരുന്നത്. മണിയാറന്‍കുടി, കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇയാള്‍ വിസ തട്ടിപ്പു നടത്തിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനക്കുശേഷം കൂടുതല്‍ ചോദ്യം ചെയ്‌താലേ തട്ടിപ്പിന്റെ വ്യാപ്‌തി മനസിലാവൂ എന്ന് പോലീസ് പറഞ്ഞു.