-->
കളമശ്ശേരി: കേരളത്തിന്റെ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന ഗ്രാഫീന്‍ അധിഷ്‌ഠിത സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി സ്‌റ്റാര്‍ട്ടപ്പ് മിഷനിലെ ഗ്രഫീന്‍ ഇന്നോവേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കളമശ്ശേരിയിലെ ഇന്നൊവേഷന്‍ സെന്റര്‍ വഴി പുതുതലമുറയുടെ ആശയങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ചിറകുനല്‍കുന്നതിനുള്ള മികച്ച സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഗ്രാഫീന്‍ അറോറ കളമശ്ശേരിയില്‍ സജ്‌ജമാവുകയാണ്. ഭാവിയിലെ പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന്‍ മേഖലയില്‍ സ്‌റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിദേശ സര്‍വകലാശാലകളും കേരള ഡിജിറ്റല്‍ സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.ഗ്രാഫീന്‍ സാങ്കേതികവിദ്യ കേരളത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, യുവാക്കളുടെ സംരംഭകത്വ സ്വപ്‌നങ്ങള്‍ക്ക് ഈ ഇന്നൊവേഷന്‍ സെന്റര്‍ വലിയ കരുത്തുപകരുമെന്നും മന്ത്രി വ്യക്‌തമാക്കി.