-->
മൂവാറ്റുപുഴ :
രണ്ട് പതിറ്റാണ്ടായി ഇടത് വലത് മുന്നണികളെ മാറി മാറി വിജയിപ്പിക്കുന്ന മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ ഇക്കുറി തീ പാറും.എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച് വ്യക്‌തത വന്നെങ്കിലും എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയെ സംബന്ധിച്ചുളള സസ്‌പെന്‍സ് തുടരുന്നു.
ട്വന്റി 20 കൂടി എന്‍.ഡി.എ. മുന്നണിയില്‍ എത്തിയതോടെ ത്രികോണ മത്സരം ഉറപ്പായി. എന്‍.ഡി.എ. മുന്നണിയില്‍ സീറ്റ് ബി.ജെ.പി. ക്കോ ട്വന്റി 20 ക്കോ എന്ന ആകാംശയും നില നില്‍ക്കുന്നു. മൂവാറ്റുപുഴ നഗരസഭയും വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട് മഞ്ഞള്ളൂര്‍, ആവോലി, ആരക്കുഴ, മാറാടി, പാലക്കുഴ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മൂവാറ്റുപുഴ അസംബ്ലി മണ്ഡലം. ഇതില്‍ പോത്താനിക്കാട് ഒഴികെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നായിരുന്നു വിജയം. നിലവില്‍ 83414 സ്‌ത്രീ വോട്ടര്‍മാറും 78987 പുരുഷ വോട്ടര്‍മാറും ഉള്‍പ്പെടെ ആകെ 162404 സമ്മതിദായകരാണുളളത്.സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടത്തിനാകും ഇക്കുറി മൂവാറ്റുപുഴ സാക്ഷ്യം വഹിക്കുകയെന്ന് രാഷ്ര്‌ടീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. സിറ്റിങ് എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ ആണ് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. സി.പി.ഐ. ജില്ല സെക്രട്ടറിയും യുവ നേതാവുമായ എന്‍. അരുണിനെ കളത്തിലിറക്കാനാണ് ഇടത് മുന്നണി തീരുമാനം. ഇതോടെ മത്സര ഫലം പ്രവചനാതീതമായി.
ഇരുവരും അനൗദ്യോഗിക പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് (മാണി) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോണിനെല്ലൂര്‍ ആയിരുന്നു 1991 മുതല്‍ 2001 വരെ യു.ഡി.എഫ്. ടിക്കറ്റില്‍ മൂന്ന് ടേം തുടര്‍ച്ചയായി വിജയിച്ചത്. 2006 ല്‍ ജോണി നെല്ലൂരിന് എതിരെ സി.പി.ഐ. യിലെ ബാബുപോള്‍ അട്ടിമറി വിജയം നേടി. 2011 ല്‍ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കന്‍ മണ്ഡലം തിരിച്ച് പിടിച്ചു. 2016 ല്‍ എല്‍ദോ എബ്രഹാം വീണ്ടും ഇടത് വിജയ കൊടി പാറിച്ചു. 2021 ല്‍ മാത്യു കുഴല്‍നാടനിലൂടെ യു.ഡി.എഫ്. വിജയം നേടി.നിയമസ ഭയിലേക്ക് എന്‍. അരുണ്‍ന്റെ കന്നി മത്സരമാണ്. ആദ്യ അങ്കം ജില്ല പഞ്ചായത്ത് വാളകം ഡിവിഷനിനില്‍ ആയിരുന്നു. അന്ന് മത്സരത്തില്‍ ജയിച്ചുകയറി. പിന്നീട് സംഘടന രംഗത്തും സാംസ്‌ക്കാരിക രംഗത്തും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.. സി.പി.ഐ. ജില്ല സെക്രട്ടറി ആയിരിക്കെയാണ് മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മത്സരിക്കുന്നത്. മാത്യു കുഴല്‍നാടന് ഇത് രണ്ടാം അങ്കമാണ്. ചെറുകിട കച്ചവടക്കാരുടെയും, കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും നാടായ മൂവാറ്റുപുഴ മൂന്നു പുഴകള്‍ സംഗമിക്കുന്ന ത്രിവേണി സംഗമ നഗരമാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്‌പാദിപ്പിക്കുന്നതും ഇവിടെയാണ്. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം നിന്ന ചരിത്രമാണ് ഉളളത്. മണ്ഡലത്തില്‍ ക്രസ്‌ത്യന്‍, മുസ്ലീം വോട്ടുകള്‍ 52 ശതമാനവും ഹിന്ദു വോട്ടുകള്‍ 48 ശതമാനവും ആണ്.