-->
കൊച്ചി: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കേരള സ്‌റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് പോലുള്ള സ്‌ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബോര്‍ഡിന്റെ പ്രധാന പദ്ധതിയായ മറൈന്‍ എക്കോസിറ്റിയുടെ ശിലാസ്‌ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അര നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹൗസിംഗ് ബോര്‍ഡ്, മാറുന്ന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഭവന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ ദൃഷ്‌ടാന്തമാണ് ഇക്കോ സിറ്റി പദ്ധതി.
പരിസ്‌ഥിതിക്ക് കോട്ടം ഏല്‍പ്പിക്കാതെ തികച്ചും പ്രകൃതിയുടെ അനുഭൂതിയും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതി കൊച്ചിയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമായിരിക്കും.
വ്യവസായം, ഐ.ടി., ഷിപ്പിംഗ്, വിനോദസഞ്ചാരം, വിദ്യാഭ്യാസം, മെഡിക്കല്‍ ടൂറിസം എന്നിവയ്‌ക്കായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന കൊച്ചിയില്‍ ഇത്തരം ലോകോത്തര നിലവാരത്തിലുള്ള മെറൈന്‍ എക്കോസിറ്റി അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചിയിലെ പ്രധാന ഭാഗമായ മറൈന്‍ ഡ്രൈവില്‍ 17.9 ഏക്കറിലാണ് 3394 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഒരുങ്ങുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിര്‍മ്മാണം വിഭാവനം ചെയ്‌തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 3.16 ഏക്കറില്‍ 28 നിലകളുള്ള 9.22 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണം വരുന്ന കെട്ടിടസമുച്ചയമാണ് ഒരുങ്ങുന്നത്. ഇതില്‍ കൊമേര്‍ഷ്യലും റെസിഡന്‍ഷ്യലുമായ ഘടകങ്ങള്‍ ഉണ്ട്. ആകെ 152 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്നു. രണ്ടാംഘട്ടത്തില്‍ 2.6 ഏക്കറില്‍ 8 നിലകളുള്ള 2.25 ലക്ഷ്യം ചതുരശ്ര അടിവിസ്‌തീര്‍ണ്ണം ഉള്ള ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിക്കും. മൂന്നാം ഘട്ടത്തില്‍ 12.14 ഏക്കറില്‍ 30 നിലകളില്‍ 6 റെസിഡന്‍ഷ്യല്‍ ടവറുകളാണ് ഒരുങ്ങുന്നത്. ഇതിലൂടെ 952 ഫ്‌ലാറ്റുകള്‍ കൂടി ലഭ്യമാകും.കേരള ഹൗസിംഗ് ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ വരുമാനത്തിലൂടെ സംസ്‌ഥാനത്തുടനീളം കൂടുതല്‍ ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡിന് സാധിക്കും. ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കാന്‍ ഇതിനോടകം സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. നഗര വികസനത്തിനൊപ്പം സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോള്‍ഗാട്ടി കെ.ടി.ഡി.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനായി. രാജ്യസഭാംഗം പി.പി സുനീര്‍, ടി.ജെ വിനോദ് എംഎല്‍എ, ജില്ലാകളക്‌ടര്‍ ജി.പ്രിയങ്ക,ഹൗസിംഗ് കമ്മീഷണര്‍ ആന്‍ഡ് കെ.എസ്.എച്ച്.ബി സെക്രട്ടറി എ.ഗീത,കെ.എസ്.എച്ച്.ബി ചെയര്‍പേഴ്‌സണ്‍ ടി.വിബാലന്‍, ബോര്‍ഡ് മെമ്പര്‍ സുഭാഷ് പുഞ്ചക്കൊട്ടില്‍,ബോര്‍ഡ് അംഗങ്ങള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.