-->
അമ്പലപ്പുഴ: രണ്ട് ഹൗസ് ബോട്ടുകള്‍ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു.ആളപായമില്ല. പുന്നപ്ര പറവൂര്‍ കിഴക്ക് പൂന്തുരത്ത് കായലില്‍ കിടന്ന അനാഹിക, കാതറൈന്‍ എന്നീ ഹൗസ് ബോട്ടുകളാണ് ഇന്നലെ രാവിലെ തീപിടിത്തത്തില്‍ കത്തി നശിച്ചത്.
ആദ്യം ഒരു ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. പിന്നീട് ഇതില്‍നിന്ന് തൊട്ടടുത്തു കിടന്ന ഹൗസ് ബോട്ടിലേക്കും തീ പടരുകയായിരുന്നു. ഈ സമയം ഇതിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു. രണ്ട് ഹൗസ് ബോട്ടിലുമു ണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തീ പിടിച്ചതിനെത്തുടര്‍ന്ന് ഇതിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായത്. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമനാ സേനാ യൂണിറ്റംഗങ്ങളാണ് തീയണച്ചത്.