-->
ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ പാര്‍ട്ടിബന്ധം വെടിഞ്ഞ് അമ്പലപ്പു ഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കരുതലോടെ സി.പി.എം. ജില്ലാ നേതൃത്വം. സുധാകരന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോസ്‌റ്ററുകള്‍ പതിച്ചു. സുധാകരനുമായി അടുപ്പമുള്ള പാര്‍ട്ടി അംഗങ്ങളെയും നിരീക്ഷിച്ചു വരികയാണ്. സംസ്‌ഥാന നേതൃത്വത്തിന്റെ കൂടി നിര്‍ദേശ പ്രകാരം വിഷയം അണികളിലേക്ക് എത്തിക്കാന്‍ നടപടികള്‍ തിടുക്കത്തില്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് ജില്ലയിലെ എല്ലാ ലോക്കല്‍, ഏരിയാ കമ്മിറ്റികളും ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്‌തു.
ഇന്ന് ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി ജനറല്‍ ബോഡിയും വിളിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ജനറല്‍ ബോഡികളില്‍ പങ്കെടുക്കും. സുധാകരനുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടുകള്‍ അവര്‍ വിശദീകരിക്കും. ജി. സുധാകരനോട് ഒരു അവഗണനയും കാണിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്തെങ്കിലും അവഗണന പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ അത് പരിഹരിക്കാമായിരുന്നു. പക്ഷേ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സുധാകരനെ പോലൊരാളില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. മാര്‍ക്‌സിസത്തെയും ലെനിനിസത്തേയും പറ്റി ശരിയായി മനസിലാക്കിയ ഒരു കമ്യൂണിസ്‌റ്റുകാരന് ഇത്തരത്തിലൊരു അപചയമുണ്ടാകുന്നതാണ് ഗൗരവമുള്ള വിഷയം. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.അമ്പലപ്പുഴയില്‍നിന്ന് മത്സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
അതില്‍ നിന്ന് അദ്ദേഹം പിന്മാറുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം കൂടി പടുത്തുയര്‍ ത്തിയ ഒരു പ്രസ്‌ഥാനമാണിത്. അതിനെ ഇങ്ങനൊരു തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലൊരു പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കാന്‍ പാടില്ലാത്തതാണ്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലാത്തതാണ്. പിന്മാറാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നല്ലൊരു കമ്യൂണിസ്‌റ്റായതുകൊണ്ട് മാറി ചിന്തിക്കുമെന്ന് കരുതുന്നുവെന്നും നാസര്‍ പറഞ്ഞു.