Friday, March 13, 2026 Last Updated 58 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 04.45 AM

പാരമ്പര്യ രുചിയും കണിയുമൊരുക്കാന്‍ അവരെത്തി

uploads/news/2026/03/829935/2.jpg

എ.വി. പ്രകാശന്‍ നടുവില്‍
ആലക്കോട്‌

വീണ്ടുമൊരു വിഷുക്കാലവും ഈസ്‌റ്ററുമെത്താന്‍ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ രുചിയും കണിയുമൊരുക്കാന്‍ അവരെത്തി. വിഷുവിനു കണിയൊരുക്കാന്‍ മണ്‍പാത്രങ്ങള്‍ നിര്‍ബന്ധമുള്ളവര്‍ക്ക്‌ മണ്‍ക്കലവും ഉരുളിയും ചട്ടിയും വീടുകളിലെത്തിക്കാന്‍ പാലക്കാട്‌ ഒറ്റപ്പാലം തിരുവില്വാമലയില്‍ നിന്നും ശരവണനും അമ്മാവന്‍ കണ്ണനും ബന്ധുകളായ മൂന്നു സ്‌ത്രീകളുമുള്‍പ്പെടെ അഞ്ചംഗ സംഘം ചപ്പാരപ്പടവ്‌ മടക്കാട്‌ എത്തിച്ചേര്‍ന്നു. ഇനിയുളള ദിവസങ്ങളിലവര്‍ പാത്രങ്ങള്‍ ചുമന്ന്‌ മലയോര പ്രദേശങ്ങളിലെ വീടുകളില്‍ എത്തിച്ചേരും. മലയാളികള്‍ക്ക്‌ ഉത്സവക്കാലങ്ങളിലും ആലോഷ വേളകളിലും പരമ്പരാഗത രുചിക്കൂട്ടൊരുക്കാന്‍ മണ്‍പാത്രങ്ങള്‍ നിര്‍ബന്ധമാണ്‌. വിഷുക്കണിയൊരുക്കാന്‍ പുത്തന്‍ മണ്‍പാത്രങ്ങള്‍ നിര്‍ബന്ധമുള്ളവരുണ്ട്‌. ഓണത്തിനും വിഷുവിനും പുളിശ്ശേരിക്കറിയും പുളിങ്കറിയും അവിയലും വെച്ചു വിളമ്പിയാല്‍ രുചിയേറുമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. കിഴക്കന്‍ മലയോരത്ത്‌ ഈസ്‌റ്റര്‍ ആഘോഷങ്ങളില്‍ ഇറച്ചിയും മീനും പാകം ചെയ്ാന്‍ യമണ്‍പാത്രങ്ങള്‍ക്ക്‌ ആവശ്യക്കാരേറെയുണ്ട്‌. അതുകൊണ്ടുതന്നെ വിഷു-ഈസ്‌റ്റര്‍ കാലത്ത്‌ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്ത്‌ മണ്‍പാത്ര വില്‍പനക്ക്‌ പതിവായെത്താറുണ്ട്‌ ശരവണനും സംഘവും.
പാലക്കാട്‌ ഒറ്റപ്പാലത്തു നിന്നും മിനിലോറിയില്‍ കയറ്റിയാണ്‌ പാത്രങ്ങള്‍ ഇവിടെയെത്തിക്കുന്നത്‌. രണ്ടായിരതോളം പാത്രങ്ങള്‍ എത്തിക്കാന്‍ ലോറി വാടക 15000 രൂപയാവും. വഴിയില്‍ കുറെ പാത്രങ്ങള്‍ പൊട്ടി പോവും. പൊട്ടാതെ എത്തിക്കുന്ന പാത്രങ്ങള്‍ റോഡരികിലെവിടെയെങ്കിലും സൗകര്യമുള്ള സ്‌ഥലത്ത്‌ സൂക്ഷിച്ചതിനു ശേഷം പാത്രങ്ങള്‍ ചുമന്ന്‌ വീടുവീടാന്തരം എത്തിക്കുകയാണ്‌ ചെയ്യുക. ചെറിയ ചട്ടികളും കലങ്ങളും 100 രൂപ മുതല്‍ 200 രൂപ വരെ വിലയിലാണ്‌ വില്‍പന. ഒരു ദിവസം 30നും 40നും ഇടയില്‍ പാത്രങ്ങളെ വില്‍ക്കാന്‍ കഴിയാറുള്ളു എന്ന്‌ ഇവര്‍ പറഞ്ഞു. ആലോഷത്തിനും ആഹാരത്തിനും കേരളത്തനിമയും പാരമ്പര്യവുമുള്ള മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന സമൂഹം ഇന്നു കടുത്ത പ്രതിസന്ധിയിലാണ്‌. നിര്‍മ്മാണാവശ്യത്തിനുള്ള കളിമണ്ണിന്റെ ലഭ്യതക്കുറവ്‌, വിപണന പ്രശ്‌നങ്ങള്‍, ഖനന നിയന്ത്രണങ്ങള്‍ എന്നിവയാണ്‌ പ്രധാനമായവ. ജിയോളജി പാസ്സ്‌, റോയല്‍റ്റി എന്‍.ഒ.സി എന്നിവ ആവശ്യമായതിനാലും അവ ലഭിക്കുന്നതിനുള്ള പ്രയാസവും, പുതിയ തലമുറയെ ഈ ജോലിയില്‍ നിന്നും അകറ്റുന്നു. തമിഴ്‌നാട്ടില്‍ നിന്നു യന്ത്രവല്‍കൃത പാത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ മാര്‍ക്കറ്റിലെത്തുന്നുണ്ട്‌. പ്ലാസ്‌റ്റിക്‌, സ്‌റ്റീല്‍ പാത്രങ്ങളുടെ ഉപയോഗ വര്‍ധനവ്‌, മണ്‍പാത്രങ്ങളുടെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ എന്നിവയൊക്കെ ഈ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തില്‍ പരമ്പരാഗത രീതിയില്‍ മണ്‍പാത്രനിര്‍മ്മാണം ഏതാനും പ്രദേശങ്ങളിലായി ചുരുങ്ങി കഴിഞ്ഞു. കാസര്‍ഗോഡ്‌ ജില്ലയിലെ എരിക്കുളം, പാലക്കാട്‌ ഒറ്റപ്പാലം, മലപ്പുറം പൊന്നാനി, തിരുവനന്തപുരം പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ്‌ നിലവില്‍ വ്യാവസായികാടിസ്‌ഥാനത്തില്‍ നിര്‍മ്മാണം നടക്കുന്നത്‌. സര്‍ക്കാര്‍ പരമ്പരാഗത തൊഴിലായി അംഗീകരിക്കാത്തത്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ തടസ്സമാവുന്നു. മണ്‍പാത്രനിര്‍മ്മാണ കോര്‍പ്പറേഷന്‍ നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനം ക്രിയാത്മകമല്ലെന്ന്‌ തൊഴിലാളികള്‍ പരാതിപ്പെടുന്നു. മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിരവധി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും നിലവില്‍ കോഴിക്കോട്‌ ചേളന്നൂര്‍ മാത്രമാണ്‌ ഒരെണ്ണം നിലനില്‍ക്കുന്നത്‌.

Ads by Google
Advertisement
Friday 13 Mar 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW