-->
മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജ മണ്ഡലത്തില്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 38 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി മട്ടന്നൂര്‍ ഇല്ല മൂല 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ഇന്നലെ തറക്കല്ലിട്ടു. മട്ടന്നൂര്‍ നഗരസഭയില്‍ അയ്യല്ലൂര്‍ റോഡില്‍ കനാലിന് സമീപം ഇറിഗേഷനില്‍ നിന്നും വിട്ടു കിട്ടിയ 3.90 ഏക്കര്‍ ഭൂമിയിലാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയവും പ്ലയേഴ്‌സ് റൂമും അനുബന്ധ സൗകര്യങ്ങളുമാണ് ഉള്ളത്. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ് സെന്റര്‍, 2600 ഓളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയം എന്നിവ ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കും. രണ്ടാംഘട്ടത്തില്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള അക്വാട്ടിക് കോംപ്ലക്‌സ് എന്നിവ നിര്‍മിക്കും. ഒന്നര വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കായിക മേഖലയില്‍ തല്‍പ്പരരായ നിരവധി വിദ്യാര്‍ഥികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലന കേന്ദ്രങ്ങളോ കളിസ്‌ഥലങ്ങളോ പ്രദേശത്ത് ലഭ്യമല്ല. ഇതിന് പുറമേ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ റവന്യുടവറിന് സമീപത്ത് 46 സെന്റ് സ്‌ഥലത്ത് 14.44 കോടി രൂപ ചെലവഴിച്ചാണ് വനിതാ ഹോസ്‌റ്റല്‍ നിര്‍മിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരില്‍ വനിതാ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും വര്‍ധിച്ചുവരുന്ന താമസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് വര്‍ക്കിങ് വുമണ്‍സ് ഹോസ്‌റ്റല്‍ പണിയുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേനയാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. ഒന്നരവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടത്. താഴത്തെ നിലയില്‍ വാഹനപാര്‍ക്കിങ്ങ് സൗകര്യവും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമുണ്ടാകും. ഒന്നാംനിലയില്‍ ആറു കിടപ്പുമുറികള്‍, അംഗപരിമിതര്‍ക്കുള്ള മുറി, ഇന്‍ഡോര്‍ ഗെയിം, വാര്‍ഡനുള്ള മുറി, ഡേ കെയര്‍ സെന്റര്‍, ഡൈനിങ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വര്‍ക്ക് ഏരിയ, സെക്യൂരിറ്റി കേബിന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പുമുറികള്‍, ഡോര്‍മെറ്ററി എന്നിവയും സജ്‌ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂര്‍ നഗരത്തില്‍ താമസസൗകര്യം തേടിയെത്തുന്നത്.