Friday, March 13, 2026 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 04.44 AM

കണ്ണുകളില്‍ ഇരുള്‍ മൂടിയാലും ഷാലുവിന്‌ സ്‌നേഹത്തിന്റെ വ്രതശോഭ

uploads/news/2026/03/829931/2.jpg

കണ്ണിന്റെ കാഴ്‌ചയല്ല, കരളിലെ കരുണയും സൗഹൃദവുമാണ്‌ ജീവിതത്തിന്റെ യഥാര്‍ത്ഥ വെളിച്ചമെന്ന്‌ തെളിയിക്കുകയാണ്‌ നന്മണ്ട സ്വദേശി താഴെഉളറാട്ട്‌ ഷാലു. ജന്മനാ അന്ധനായ ഈ മുപ്പത്തഞ്ചുകാരന്‍ കഴിഞ്ഞ 15 വര്‍ഷമായി മുടങ്ങാതെ റമദാന്‍ വ്രതം അനുഷ്‌ഠിച്ചു വരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ മനോഹരമായ ഈ മാതൃക ഇന്ന്‌ നാടിനാകെ പ്രചോദനമാണ്‌.
കൊളത്തറയിലെ വികലാംഗ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്താണ്‌ ഷാലുവിന്റെ ഉള്ളില്‍ ഈ മാറ്റം തുടങ്ങിയത്‌. കൂടെ പഠിക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ പുലര്‍ച്ചെ എഴുന്നേറ്റ്‌ നോമ്പ്‌ നോല്‍ക്കുന്നത്‌ കണ്ടപ്പോള്‍, ആ വിശ്വാസത്തോടുള്ള ബഹുമാനമാണ്‌ ഷാലുവിനെ വ്രതാനുഷ്‌ഠാനത്തിലേക്ക്‌ നയിച്ചത്‌. പിന്നീട്‌ ജോലിയില്‍ പ്രവേശിച്ച ശേഷവും ഈ ശീലം അദ്ദേഹം മുടക്കിയില്ല.
കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ എസ്‌.ബി.ഐയില്‍ അസിസ്‌റ്റന്റ്‌ മാനേജരായി ജോലി ചെയ്ുന്ന ഷയാലു ഇപ്പോള്‍ ബാലുശ്ശേരി എസ്‌.ബി.ഐയിലാണ്‌. കഠിനാധ്വാനത്തിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുകയാണ്‌. എല്ലാ മനുഷ്യരും ഒന്നാണെന്നും, മനുഷ്യത്വമാണ്‌ എല്ലാറ്റിനുമുപരിയായി മനുഷ്യന്റെ യഥാര്‍ത്ഥ മാനദണ്ഡമെന്നും ഉറക്കെ പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദന്റെ വാക്കുകളെ അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തുകയാണ്‌ ഷാലു. ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെയും മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും മതാചാരങ്ങളെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്‌ സമൂഹത്തില്‍ സാഹോദര്യത്തിന്റെ മനോഹരമായ വിത്തുകള്‍ പാകുമെന്ന്‌ ഷാലു വിശ്വസിക്കുന്നു.
സങ്കുചിത ചിന്തകള്‍ക്കപ്പുറം, പരസ്‌പരം സ്‌നേഹിച്ചും വിശ്വാസങ്ങളെ മാനിച്ചും മുന്നേറുമ്പോഴാണ്‌ യഥാര്‍ഥ മാനവികത പുലരുന്നത്‌ എന്ന വലിയ സന്ദേശമാണ്‌ ഈ യുവാവ്‌ തന്റെ ജീവിതത്തിലൂടെ ലോകത്തിന്‌ മുന്നില്‍ വെക്കുന്നത്‌. ഷാലുവിന്റെ കുടുംബവും അതിജീവനത്തിന്റെ പാതയിലാണ്‌. കാഴ്‌ചയില്‍ പരിമിതികളുണ്ടെങ്കിലും പരസ്‌പരമുള്ള സ്‌നേഹത്താല്‍ അവര്‍ ജീവിതം മനോഹരമാക്കുന്നു. സഹപാഠിയായിരുന്ന ആന്ധ്ര സ്വദേശി ലക്ഷ്‌മിയാണ്‌ ഷാലുവിന്റെ സഹധര്‍മ്മിണി.
ലക്ഷ്‌മിക്കും കാഴ്‌ചയില്‍ പരിമിതികളുണ്ട്‌. അഞ്ചരയും ഒന്നരയും വയസുള്ള രണ്ട്‌ കുഞ്ഞുങ്ങളടങ്ങിയ ഈ കുടുംബം പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട്‌ മറികടക്കുന്നു. സഹോദരന്‍ ഷാംജുവും ജന്മനാ അന്ധനാണെങ്കിലും കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീത അധ്യാപകനായി സേവനമനുഷ്‌ഠിക്കുന്നു. ബാലന്‍വനജ ദമ്പതികളുടെ ഈ മക്കള്‍ ഇന്ന്‌ സമൂഹത്തിന്‌ വലിയൊരു പ്രചോദനമാണ്‌. കഴിഞ്ഞ ദിവസം നന്മണ്ട തളി ജങ്‌ഷന്‍ കൂട്ടായ്‌മ സംഘടിപ്പിച്ച ഇഫ്‌താര്‍ സംഗമത്തിലാണ്‌ ഷാലു തന്റെ ഈ ഹൃദയസ്‌പര്‍ശിയായ അനുഭവം പങ്കുവെച്ചത്‌. നന്മണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിമിഷ ഷൈജു പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
മുനീര്‍ ബേക്കറി ഉടമ സിറാജ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.എസ്‌.എസ്‌ പ്രാന്ത കാര്യവാഹ്‌ ആയിരുന്ന പി. ഗോപാലന്‍കുട്ടി, ബിജു കുണ്ടൂര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലാലു പ്രസാദ്‌, ഗ്രാമപഞ്ചായത്ത്‌ അംഗം പ്രേമലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണ്‌ ഷാലുവിന്റെ ഈ ജീവിതം പകര്‍ന്നു നല്‍കുന്നത്‌.
കരുണന്‍ വൈകുണ്‌ഠം
ബാലുശേരി

Ads by Google
Advertisement
Friday 13 Mar 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW