-->
കോഴിക്കോട്: പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളും കാറ്ററിങ്‌് മേഖലയുമാണ് കടുത്ത പ്രതിസന്ധിയില്‍. പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്‌ചാത്തത്തിലാണ് പാചകവാതക ക്ഷാമം. റംസാന്‍ കാലമായതോടെ ഇഫ്‌ത്താര്‍ മീറ്റുകള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം ഒരുക്കാന്‍ മേഖല വലിയ പ്രയാസമാണ് നേരിടുന്നത്.
കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറയുകയും ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരിക്കുകയും ചെയ്‌തതോടെ പല ഹോട്ടലുകളും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. മുന്‍പ് ഓരോ ഹോട്ടലുകള്‍ക്കും ഒരേസമയം നാലോ അഞ്ചോ കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് രണ്ടായി ചുരു ങ്ങിയിരിക്കുകയാണ്. ചില സ്‌ഥലങ്ങളില്‍ ഒരൊറ്റ സിലിണ്ടര്‍ മാത്രമാണ് നല്‍കുന്നത്. അതും താല്‍ക്കാലിക ആശ്വാസമായി സ്‌ഥിരമായി സിലിണ്ടര്‍ എടുക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. വലിയ ഹോട്ടലുകളില്‍ സാധാരണ ദിവസേന നാല് മുതല്‍ അഞ്ച് സിലിണ്ടര്‍ വരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചെറുകിട ഹോട്ടലുകളില്‍ പോലും ദിവസേന കുറഞ്ഞത് ഒരു സിലിണ്ടര്‍ എങ്കിലും ഉപയോഗിക്കേണ്ടിവരും. പ്രധാനമായും ചായ പോലുള്ള വിഭവങ്ങള്‍ തയ്ായറാക്കുന്നതിനാണ് ഈ സിലിണ്ടര്‍ ഉപയോഗിക്കുന്നത്. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ചോറ്, കറി തുടങ്ങിയ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത് വിറക് അടുപ്പിലേക്ക് മാറ്റേണ്ട സാഹചര്യം ചില ഹോട്ടലുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിറക്, മണ്ണെണ്ണ, ചിരട്ട എന്നിവ ഉപയോഗിക്കുന്ന അടുപ്പുകള്‍ പൂര്‍ണ്ണമായും ആശ്രയിക്കാനും സാധിക്കാത്ത അവസ്‌ഥയുമുണ്ട്. മലിനീകരണ പ്രശ് നങ്ങളും നഗരത്തിലെ നിയന്ത്രണങ്ങളും കാരണം ഇത്തരം അടുപ്പുകള്‍ക്ക് ഒരു പരിധിവരെ മാത്രമേ ഉപയോഗിക്കാനാകൂ. പലയിടങ്ങളിലും വിറകടുപ്പുകള്‍ പൂര്‍ണ്ണമായും ഇല്ലാത്ത സ്‌ഥലങ്ങളുമുണ്ട്. ഇതോടെ ഹോട്ടല്‍ മേഖലക്ക് ബദല്‍ സംവിധാനം കണ്ടെത്തുന്നതും പ്രയാസകരമായിരിക്കുകയാണ്. പൊറോട്ട, ചപ്പാത്തി, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ പോലുള്ള പല ഭക്ഷണങ്ങളും ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ചാണ് തയ്യാറാക്കുന്നത്. എന്നാല്‍ സിലിണ്ടര്‍ ക്ഷാമം തുടര്‍ന്നാല്‍ ഇത്തരം വിഭവങ്ങളുടെ ലഭ്യത കുറക്കേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.പല ഹോട്ടലുകളിലും മെനുവിലെ ഐറ്റങ്ങള്‍ കുറക്കുന്നതിനെക്കുറിച്ചും ഓര്‍ഡറുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം,ഹിന്ദുസ്‌ഥാന്‍ പെട്രോളിയം, തുടങ്ങിയ കമ്പനികളുടെ കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്‌നമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ എല്ലാ ഹോട്ടലുകള്‍ക്കും റേഷന്‍ സംവിധാന ത്തെ മാതൃകയാക്കി കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വിതരണം ക്രമീകരിക്കണമെന്ന് ഹോട്ടല്‍ റസേ്‌റ്റാറന്റ്‌റ് മേഖലയിലെ സംഘടനകള്‍ ആവശ്യപ്പെട്ടു. എല്ലാ സ്‌ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടാത്ത പക്ഷം ജില്ലയിലെ ഹോട്ടല്‍ കാറ്ററിങ് മേഖലകളെ ഗൗരവമായി ബാധിക്കുമെന്ന് സംഘടനകള്‍.ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സംസ്‌ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രീസ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹോട്ടല്‍, കാറ്ററിങ്‌് മേഖലകളുടെ പ്രവര്‍ത്തനം നിശ്‌ചലാവസ്‌ഥയിലേക്ക് കടക്കുകയാണ്. ഇതാകട്ടെ ഹോട്ടല്‍, കാറ്ററിങ്‌് വ്യവസായ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നതോടൊപ്പം പൊതുജനങ്ങളെയും ബാധിച്ചു. അതേ സമയം കൊമേഴ്‌സ്യല്‍ ഗ്യാസിന്റെ ലഭ്യതയെ കുറിച്ചോ വിതരണം എപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന കാര്യത്തിലോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നും വ്യക്‌തമായ വിവരങ്ങള്‍ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് എ.പി. അബ്‌ദുല്ലക്കുട്ടിയും സെക്രട്ടറി ബോബിഷ് കുന്നത്തും പ്രസ്‌താവനയില്‍ അറിയിച്ചു.കൊമേഴ്‌സ്യല്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വ്യപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ പാചകവാതക വിതരണം നിര്‍ത്തിയതോടെ ഭക്ഷണം പാചകം ചെയ്യാനാവാതെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കയാണ്.
ഹോട്ടലുടമകള്‍, അവരെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികള്‍, ഭക്ഷ്യ വിതരണ ശൃംഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ലക്ഷക്കണക്കിനു പേരുടെ ജിവിതോപാധിയാണ് ഇപ്പോള്‍ അനിശ്‌ചിതത്വത്തിലായിക്കൊണ്ടിരിക്കുന്നത്. വിറകടുപ്പ് സംവിധാനത്തിലേക്ക് തിരിച്ചു പോകുകയെന്നത് മാറിയ കാലഘട്ടത്തില്‍ സാധ്യമായ കാര്യമല്ല.
വ്യാപാര സ്‌ഥാപങ്ങളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണ്ണായി നിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍, സെക്രട്ടറി സന്തോഷ് സെബാസ്‌റ്റിയന്‍ എന്നിവര്‍ പറഞ്ഞു. ഹോട്ടല്‍ വ്യാപാരികളുടെ അവസ്‌ഥ മനസിലാക്കി പാചക വാതക വിതരണം പുനഃസ്‌ഥാപിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.