-->
പത്തനംതിട്ട: സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വായ്‌പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉള്ള നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഒന്നാംപ്രതി കോന്നി കൊക്കാത്തോട് അനില്‍വിലാസം അനില്‍കുമാര്‍ (52), രണ്ടാംപ്രതി മാവേലിക്കര കുന്നം സ്വദേശി തഴക്കര യാദേഷ് ഭവനം രാജേഷ് നാഥ് (47) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയുടെ ഉടമസ്‌ഥതയില്‍ അച്ചൂസ് വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി ലോണ്‍ തരപ്പെടുത്തി കൊടുക്കുന്ന സ്‌ഥാപനമുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളുടെ കയ്യില്‍ നിന്ന് ഇവര്‍ ചെറുതും വലുതുമായ തുകകളായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.
പരാതിക്കാരുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികളെ അന്വേഷിച്ചു വരികയായിരുന്നു.
ചെക്കുകളില്‍ കൃത്രിമം കാട്ടിയും , സഹകരണ ബാങ്കുകളുടേത് ഉള്‍പ്പെടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ചും ആണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിക്കെതിരെ പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ സമാനമായ നിരവധി കേസുകള്‍ ഉണ്ട്. ഇന്‍സ്‌പെക്‌ടര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അലോഷ്യസ്, ബിനു മോഹന്‍ , ഉദ്യോഗസ്‌ഥരായ രാജീവ് കൃഷ്‌ണന്‍ , അല്‍സാം, അനന്തു, കൃഷ്‌ണന്‍കുട്ടി, അരുണ്‍ എസ്. പിള്ള , അനൂപ്‌എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.