Saturday, March 14, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.06 AM

ഗ്യാസ്‌ തീര്‍ന്ന്‌ ഹോട്ടലുകള്‍; ഇന്ന്‌ കൂടുതല്‍ അടയ്‌ക്കും

uploads/news/2026/03/829782/1.jpg

കോട്ടയം:പാചക വാതകം ലഭിക്കാതായതോടെ ജില്ലയില്‍ ഹോട്ടലുകള്‍ അടഞ്ഞു തുടങ്ങി, ഇന്നലെ വൈകിട്ടോടെ കോട്ടയത്തേത്‌ ഉള്‍പ്പെടെയുള്ള പല ഹോട്ടലുകളിലെയും പാചക വാതകം തീര്‍ന്നു.പ്രതിസന്ധിക്ക്‌ അയവുണ്ടായില്ലെങ്കില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടയും. വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ഇന്നു മുതല്‍ ഉച്ചയൂണ്‌ നിര്‍ത്തലാക്കി. പാഴ്‌സല്‍ വിതരണവും വരും ദിവസങ്ങളില്‍ കുറയ്‌ക്കാനാണു തീരുമാനം.
ബദല്‍ ക്രമീകരണമുണ്ടായില്ലെങ്കില്‍ ആവശ്യത്തിനു ഭക്ഷണം ലഭിക്കില്ലെന്നതിനൊപ്പം നൂറുകണക്കിനാളുകളുടെ തൊഴില്‍ നഷ്‌ടമാകുകയും ചെയ്യും.19 കിലോയുള്ള ഒരു വാണിജ്യ സിലിണ്ടര്‍ തിരക്കേറിയ ഹോട്ടലുകളില്‍ പരമാവധി മൂന്നു ദിവസം മാത്രമാണ്‌ ഉപയോഗിക്കാന്‍ കഴിയുക. പല അടുപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ 4- 5 സിലിണ്ടറുകള്‍ ഒരേ സമയം ഉപയോഗിക്കുകയും വേണം. ഇത്തരത്തില്‍ ഒരേ സമയം 15- 20 സിലിണ്ടറുകള്‍ പല ഹോട്ടലുകളിലും സൂക്ഷിക്കേണ്ടി വന്നിരുന്നു. ഒരാഴ്‌ചയായി നിയന്ത്രണത്തില്‍ നല്‍കിയിരുന്ന സിലിണ്ടറുകള്‍ ഇന്നലെ മുതല്‍ ഹോട്ടലുകള്‍ക്കു ലഭിക്കാതായതാണ്‌ തിരിച്ചടിയായത്‌. ഹോട്ടലുകളുടെ സിലിണ്ടര്‍ സ്‌റ്റോക്ക്‌ തീര്‍ന്നു.
വിഭവങ്ങളുടെ വൈവിധ്യവും ചോറിനൊപ്പം നല്‍കുന്ന കറികളുടെ എണ്ണവുമൊക്കെ കുറച്ച്‌ തത്‌കാലം പിടിച്ചു നില്‍ക്കാനാണു ഹോട്ടലുകളുടെ ശ്രമം. തീ കൂടുതല്‍ ആവശ്യമായ ചൈനീസ്‌ വിഭവങ്ങള്‍ ഒഴിവാക്കി പുട്ടും ഇഡലിയും പോലെ തീ കുറഞ്ഞ വിഭവങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്‌. സ്‌ഥലവും സൗകര്യവുമുള്ളവര്‍ വെള്ളം തിളപ്പിക്കുന്നതും ചോറു വയ്‌ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിറക്‌ അടുപ്പിലേക്കു മാറ്റി. എന്നാല്‍, നഗര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പല ഹോട്ടലുകള്‍ക്കും ഇതിനാവശ്യമായ സൗകര്യങ്ങളില്ല.
ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമാക്കിയതോടെ ഭൂരിഭാഗം ഹോട്ടലുകളുടെയും അടുക്കള നവീകരിച്ച്‌ ടൈല്‍ പതിപ്പിച്ച്‌ മോടിയാക്കിയിരുന്നു. ഇവിടങ്ങളില്‍ പെട്ടെന്ന്‌ വിറക്‌ അടുപ്പ്‌ സംവിധാനം ഒരുക്കുക സാധ്യമില്ല. മാത്രമല്ല, വിറക്‌ അടുപ്പ്‌ സൗകര്യം മിക്ക ഹോട്ടലുകളിലുമില്ല. നാട്ടിന്‍ പുറങ്ങളിലെ ഹോട്ടലുകളില്‍ മാത്രമാണ്‌ നിലവില്‍ വിറക്‌ അടുപ്പ്‌ സംവിധാനം.ഹോട്ടല്‍ വ്യവസായത്തെ അവശ്യ മേഖലയിലുള്‍പ്പെടുത്തി പാചക വാതകം സുഗമമായി എത്തിക്കാന്‍ സൗകര്യമൊരുക്കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നു ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി എന്‍. പ്രതീഷ്‌ പറയുന്നു.വിഭവങ്ങളുടെ എണ്ണം കുറച്ചു പരമാവധി ദിവസം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ ഭീതിയില്‍ പല ഉത്‌പന്നങ്ങള്‍ക്കും വില വര്‍ധിച്ചതും ഹോട്ടല്‍ മേഖലയ്‌ക്കു തിരിച്ചടിയായിട്ടുണ്ട്‌.
തട്ടുകടകള്‍ക്കും തട്ടിടും,
കേറ്ററിങ്ങുകാര്‍
വിറക്‌ അടുപ്പിലേക്ക്‌

കോട്ടയം: തട്ടുകടകള്‍, ബേക്കറികള്‍, ബോര്‍മകള്‍, ഹോസ്‌റ്റലുകള്‍, കേറ്ററിങ്ങ്‌ സ്‌ഥാപനങ്ങള്‍ എന്നിവയെല്ലാം നേരിടുന്നതും സമാനതകളില്ലാത്ത പ്രതിസന്ധി. പാചക വാതകം ഇല്ലാതെ തട്ടുകടകള്‍ക്കു പ്രവര്‍ത്തിക്കാനേ സാധ്യമല്ല. പല തട്ടുകടകളും ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ബേക്കറികള്‍ക്കും ആവശ്യത്തിനു സിലിണ്ടര്‍ സ്‌റ്റോക്കില്ല. ബേക്കിങ്ങ്‌ യൂണിറ്റുകള്‍ പലതും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്‌. വഴിയോരങ്ങളിലെ ബജിക്കടകളുടെയും പ്രവര്‍ത്തനം നിലച്ചു തുടങി. പ്രതിസന്ധി പരിഹരിക്കാന്‍ വിഭവങ്ങളുടെ വിലയില്‍ ഒന്നും രണ്ടും രൂപയുടെ വില വര്‍ധനയുണ്ടായി.
കേറ്ററിങ്ങ്‌ യൂണിറ്റുകള്‍ വിറക്‌ അടുപ്പുകള്‍ സജീവമാക്കാനുള്ള തിരക്കിലാണ്‌. ക്രിസ്‌ത്യന്‍ നോമ്പു കാലമായതിനാല്‍ കല്യാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കുറവായതു മാത്രമാണ്‌ ഏക ആശ്വാസം. ഹോസ്‌റ്റലുകള്‍, ആശുപത്രി കാന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും തത്‌കാലം അവസാനിപ്പിക്കേണ്ട സാഹചര്യമാണ്‌.
ഹോസ്‌റ്റലുകള്‍ അവധി കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിഗണിക്കുന്നു.പാചക വാതകക്ഷാമം തുടര്‍ന്നാല്‍ മൃതസംസ്‌കാരത്തിന്‌ ഉപയോഗിക്കുന്ന ഗ്യാസ്‌ ചേമ്പറുകളുടെ പ്രവര്‍ത്തനവും വരും ദിവസങ്ങളില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും.
പൂഴ്‌ത്തിവയ്‌പും
അമിത വിലയും

കോട്ടയം: പാചക വാതക ക്ഷാമത്തിനു പിന്നാലെ സിലിണ്ടര്‍ പൂഴ്‌ത്തിവയ്‌പും അമിത വിലയും.സ്വകാര്യ ഏജന്‍സികളില്‍ നിന്നു വാങ്ങുന്നവര്‍ക്കാണ്‌ വന്‍ തുക നല്‍കേണ്ടി വരുന്നതെന്നാണ്‌ പരാതി.
ഒരു സിലിണ്ടറിന്‌ അധികമായി 700 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യമാണ്‌. പ്രതിസന്ധി തുടര്‍ന്നാല്‍ വീണ്ടും ഉയര്‍ന്ന വില നല്‍കേണ്ടി വരും.
ഭൂരിഭാഗം ഏജന്‍സികളിലും വാണിജ്യ സിലിണ്ടറുകളുടെ കരുതല്‍ ശേഖരമുണ്ടെന്നിരിക്കേയാണ്‌ കൃത്രിമ ക്ഷാമമുണ്ടാക്കുന്നത്‌. കര്‍ശന നടപടിയും പ രിശോധനകളുമുണ്ടായില്ലെങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ അരങ്ങേറുമെന്നും പരാതിയുണ്ട്‌.

Ads by Google
Advertisement
Thursday 12 Mar 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW