Saturday, March 14, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.04 AM

പുഴകളും തോടുകളും പോള നിറഞ്ഞു; തണ്ണീര്‍മുക്കം ബണ്ട്‌ 15ന്‌ തുറക്കുമോ?

കോട്ടയം: പുഴകളും തോടുകളും പോള നിറഞ്ഞു, പുഞ്ചക്കൊയ്‌ത്ത് പൂര്‍ത്തിയായിട്ടുമില്ല. തണ്ണീര്‍മുക്കം ബണ്ട്‌ 15ന്‌ തുറക്കുമോ?.
എത്രയും പെട്ടെന്നു തുറക്കണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സാവകാശം വേണമെന്നാണു മറു വിഭാഗത്തിന്റെ ആവശ്യം. ബണ്ട്‌ തുറക്കുന്നതു നീണ്ടാല്‍ അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വന്‍ പാരിസ്‌ഥിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണു പരാതി.
ബണ്ട്‌ അടഞ്ഞു കിടക്കുന്നതിനാല്‍ മീനച്ചിലാറിന്റെ പതന ഭാഗങ്ങളിലും കൊടൂരാറ്റിലും പോള നിറഞ്ഞു കിടക്കുകയാണ്‌. ബോട്ടുകളുടെയും വള്ളങ്ങളുടെയും സഞ്ചാരത്തെ പോളശല്യം ബാധിക്കുന്നു. കോടിമത ബോട്ട്‌ ജെട്ടി പൂര്‍ണമായും പോള നിറഞ്ഞു കിടക്കുകയാണ്‌. ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണു സര്‍വീസ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. പാത കായലില്‍ എത്തുംവരെ സമാന സ്‌ഥിതിയാണെന്നു ജീവനക്കാര്‍ പറയുന്നു.
ഇടത്തോടുകളിലേക്കു വരെ പോള കയറിയതോടെ കുടിവെള്ളം ശേഖരിക്കാന്‍ പോലും പടിഞ്ഞാറന്‍ നിവാസികള്‍ക്കു വള്ളമിറക്കാന്‍ കഴിയുന്നില്ല. പാത്രമോ, വസ്‌ത്രമോ കഴുകാന്‍ പോലും യോഗ്യമല്ലാത്തവിധം വെള്ളം മലിനമാകുകയും ചെയ്‌തു. എത്രയും വേഗം ബണ്ട്‌ തുറന്നില്ലെങ്കില്‍ സ്‌ഥിതി രൂക്ഷമാകുമെന്നും ജനങ്ങള്‍ പറയുന്നു.
എന്നാല്‍, നെല്‍ക്കര്‍ഷകര്‍ ബണ്ട്‌ പെട്ടെന്ന്‌ തുറക്കുന്നതിനെ അനുകൂലിക്കുന്നില്ല. കുമരകം, തിരുവാര്‍പ്പ്‌, അയ്‌മനം, ആര്‍പ്പൂക്കര, കോട്ടയം നഗരസഭാ പരിധികളിലെ നെല്‍പ്പാടങ്ങളിലേറെയിലും കൊയ്‌ത്ത് അവശേഷിക്കുകയാണ്‌. ബണ്ട്‌ തുറന്നാല്‍, ഉപ്പുവെള്ള ഭീഷണിയുണ്ടാകുമെന്നും നെല്‍ച്ചെടികള്‍ കരിയുമെന്നുമാണ്‌ ഇവരുടെ ഭിതി. പലവിധ കാരണങ്ങളാല്‍ കൃഷി ഇറക്കാന്‍ വൈകിയതാണു കൊയ്‌ത്തിനെയും ബാധിക്കുന്നത്‌.
ബണ്ട്‌ തുറക്കാന്‍ വൈകുന്നതു ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന്‌ പരിസ്‌ഥിതി വിഗദ്ധര്‍ പറയുന്നു. യഥാസമയം ഉപ്പുവെള്ളം കയറിയിറങ്ങിയില്ലെങ്കില്‍ പടിഞ്ഞാറന്‍ മേഖലയുടെ ജൈവ ഘടനയെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കായലിലെയും തോടുകളിലെയും മത്സ്യസമ്പത്തിനെയും ബണ്ട്‌ തുറക്കാന്‍ വൈകുന്നത്‌ ബാധിക്കും.

Ads by Google
Advertisement
Thursday 12 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW