-->
മുട്ടം: മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കോണ്‍ഗ്രീറ്റ് പേവര്‍ ബ്ലോക്ക് ഉപയോഗിച്ചുള്ള റോഡും കോണിപ്പടികളും ഉദ്‌ഘാടനം ചെയ്‌തു. പോളിടെക്‌നിക് കോളജിലെ അവസാന വര്‍ഷ സിവില്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികളാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
ക്യാമ്പസിന്റെ മുന്‍വശത്ത് വര്‍ഷങ്ങളായി കാട് പിടിച്ച് ഉപയോഗ ശൂന്യമായി കിടന്നിരുന്ന സ്‌ഥലം വെട്ടിത്തെളിച്ചാണ് വിദ്യാര്‍ഥികള്‍ പദ്ധതിക്കായി പ്രയോജനപ്പെടുത്തിയത്. ഇതിനോട് ചേര്‍ന്നാണ് കോണ്‍ക്രീറ്റ് ചെയ്‌ത് മനോഹരമാക്കിയ റോഡും നിര്‍മിച്ചത്. കോളജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി പടികളും മഴവെള്ളം സുരക്ഷിതമായി ഒഴുകാനുള്ള ചാലുകളും നിര്‍മിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കോണ്‍ക്രീറ്റ് ഗുണമേന്മ ഉറപ്പുവരുത്താന്‍ ടെസ്‌റ്റിംഗിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് ക്യൂബുകളുടെ അവശിഷ്‌ടങ്ങളാണ് ചാലുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചത്. അടുത്ത ഘട്ടത്തില്‍ ജൈവ വൈവദ്യ ബോര്‍ഡുമായി സഹകരിച്ച് മുളങ്കാടുകളും ഓഷധ സസ്യ വനവല്‍ക്കരണവും സജ്‌ജമാക്കും.
കോളജ് സെമിനാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേഷ് എം മുഖ്യാധിതിയായി പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ പി.എം. അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച നിര്‍മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്‌ടര്‍ അനി എബ്രഹാം നിര്‍വഹിച്ചു. പ്രധാന കെട്ടിടത്തിനോട് അനുബന്ധിച്ച് സ്‌ഥാപിച്ച ഇടനാഴിയുടെ ഉദ്‌ഘാടനം സേ്‌റ്ററ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ജോയിന്റ് ഡയറക്‌ടര്‍ സിനിമോള്‍ കെ.ജി നിര്‍വഹിച്ചു. സിവില്‍ എന്‍ജിനീയറിംഗ് അസോസിയേഷന്റെ സാങ്കേതിക മാഗസിന്‍ റീജിയണല്‍ ഡയറക്‌ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്‌ടര്‍ സജിന കെ. പൗലോസ് പ്രകാശനം നിര്‍വഹിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് ജയേഷ് പി.ജി, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, എന്‍.സി.സി കോ-ഓര്‍ഡിനേറ്റര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍, കോളജ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി സെലിന്‍ ഭാസ്‌കറിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലും അധ്യാപകരുടെ പിന്തുണയിലുമാണ് വിദ്യാര്‍ഥികള്‍ കാമ്പസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളായ അളവെടുപ്പ്, ഡിസൈന്‍, ലെവലിംഗ്, പേവര്‍ ബ്ലോക്ക് വിരിപ്പ് തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും വിദ്യാര്‍ഥികളാണ് ചെയ്‌തത്. സിവില്‍ ക്ലാസ്‌റൂമില്‍ പഠിക്കുന്ന സാങ്കേതിക വിജ്‌ഞാനം പ്രായോഗികമായി ഉപയോഗിക്കാനുള്ള മികച്ച അവസരമായി മാറുകയായിരുന്നു വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതി.