Sunday, March 15, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.57 AM

റോഡ്‌ കരാറുകാരന്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തതായി പരാതി

തൊടുപുഴ: പുറപ്പുഴ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ ജോസഫിനെ വാഹനമിടിപ്പിച്ച്‌ വീഴ്‌ത്തിയതായി പരാതി. പി.എം.ജി.എസ്‌.വൈ. പദ്ധതി പ്രകാരം നിര്‍മാണം നടക്കുന്ന തറവട്ടം- കൊടികുത്തി റോഡിന്റെ കരാറുകാരനെതിരെയാണ്‌ പരാതി.
ഇന്നലെ രാവിലെ 11.30 ഓടെയാണ്‌ സംഭവം. റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്തും നാട്ടുകാരും നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത്‌ പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളും കരാറുകാരനും പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു. പഞ്ചായത്ത്‌ കമ്മിറ്റിയായതിനാല്‍ പ്രസിഡന്റടക്കമുള്ളവര്‍ മടങ്ങിയെങ്കിലും പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സി. എന്‍ജിനിയര്‍ എത്തുന്നതിനായി വൈസ്‌ പ്രസിഡന്റടക്കമുള്ളവര്‍ സ്‌ഥലത്ത്‌ കാത്തുനിന്നു. ഈ സമയം കരാറുകാരന്‍ തന്റെ ബൊലോറയില്‍ മടങ്ങാന്‍ ശ്രമിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം.
വാഹനത്തില്‍ കയറിപോകാനുള്ള കരാറുകാരന്റെ ശ്രമം തടയുന്നതിനിടയില്‍ വൈസ്‌ പ്രസിഡന്റിനെ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റ വൈസ്‌ പ്രസിഡന്റ്‌ സമീപത്തെ മതിലില്‍ ഇടിച്ച്‌ വീഴുകയായിരുന്നെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌.
പരുക്കേറ്റ മാര്‍ട്ടിന്‍ ജോസഫ്‌ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി ആവശ്യപ്പെട്ടു. ഇതേ സമയം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കമുള്ളവര്‍ ചേര്‍ന്ന്‌ തന്നെ മര്‍ദിച്ചതായി ആരോപിച്ച്‌ കരാറുകാരന്‍ ജോര്‍ജ്‌ തോമസും ചികിത്സ തേടിയിട്ടുണ്ട്‌. രണ്ടു പരാതികളിലും കരിങ്കുന്നം പൊലിസ്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW