Sunday, March 15, 2026 Last Updated 46 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.57 AM

ഗ്യാസ്‌ വിതരണം സുഗമമാക്കണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

കുമളി: ഹോട്ടലുകളില്‍ ഗ്യാസിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്‌ പിന്‍വലിച്ച്‌ ഗ്യാസ്‌ വിതരണം സുഗമമാക്കണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗള്‍ഫില്‍ യുദ്ധം നടക്കുന്നതിന്റെ പേരില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഗ്യാസ്‌ ഉപയോഗിക്കുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഉള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ഹോട്ടല്‍ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്‌.
ഹോട്ടലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിരവധി സംരംഭകരെ ദുരിതത്തിലക്കിയിരിക്കുകയാണ്‌. പാചകവാതകം ലഭ്യമല്ലാതെ വന്നാല്‍ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. ഇതു സംരംഭകരെ സംബന്ധിച്ചിടത്തോളം ഉണ്ടാകുന്ന പ്രതിസന്ധി വിവരണാതീതമാണ്‌. വാടകയും ബാങ്ക്‌ പലിശയും വൈദ്യുതി ചാര്‍ജുകളും തൊഴിലാളികള്‍ക്കുള്ള ശമ്പളവും എല്ലാം തുടരേണ്ടി വരും. ശമ്പളം ലഭിക്കാതെ വന്നാല്‍ തൊഴിലാളികള്‍ ഒഴിഞ്ഞു പോവുകയും ഹോട്ടലുകള്‍ അടയ്‌ക്കേണ്ടി വരികയും ചെയ്യും. ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും കഷ്‌ടത്തിലാവുകയാണ്‌. യുദ്ധം പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്‌ എന്നുള്ള കാര്യം വസ്‌തുതയാണെങ്കിലും ഉപജീവനമാര്‍ഗത്തിന്‌ വേണ്ടി പണിയെടുക്കുന്ന ഹോട്ടല്‍ മേഖലയെ താങ്ങി നിര്‍ത്താന്‍ ഉള്ള ബാധ്യത കേന്ദ്ര ഗവണ്‍മെന്റ്‌ ഏറ്റെടുക്കേണ്ടതാണ്‌. ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞു നില്‍ക്കുന്ന സമയത്തും കാര്യമായ വില കുറയ്‌ക്കാതെ തന്നെയാണ്‌ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്‌. അതുകൊണ്ട്‌ സര്‍ക്കാരിന്‌ വലിയ തോതിലുള്ള നഷ്‌ടം സംഭവിക്കുന്നില്ല. ലക്ഷോപലക്ഷം വരുന്ന സംരംഭങ്ങളുടെയും തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും നിലനില്‍പ്പ്‌ തന്നെ അപകടത്തില്‍ ആക്കുന്ന തീരുമാനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണം. ഇതിന്‌ പുറമേ വിനോദസഞ്ചാര മേഖലയില്‍ തൊഴിലെടുക്കുന്ന ധാരാളം ആളുകളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.
മറ്റൊരു ഊര്‍ജസ്രോതസ്‌ കണ്ടെത്തുന്നതുവരെ നിലവിലുള്ള വിലയില്‍ തന്നെ പാചകവാതകം സംരംഭങ്ങള്‍ക്ക്‌ ലഭ്യമാക്കുക എന്നുള്ളത്‌ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്‌. നിലവില്‍ പാചകവാതകം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌ നിര്‍ത്തി മറ്റേതെങ്കിലും ഊര്‍ജ സ്രോതസ്‌ ഉപയോഗിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പൊതുവേ വ്യാപാര മാന്ദ്യം മൂലം പ്രതിസന്ധിയില്‍ ആയിട്ടുള്ള വ്യാപാര മേഖലയില്‍ സര്‍ക്കാര്‍ നടപടി കൂടുതല്‍ നഷ്‌ടങ്ങളിലേക്ക്‌ ജനങ്ങളെ തള്ളിവിടുന്നതാണ്‌. ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടില്‍ എത്തിക്കുന്ന പാചകവാതക നിയന്ത്രണം എത്രയും വേഗം പിന്‍വലിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ്‌ സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീബ്‌ ഇല്ലത്തുപറമ്പില്‍, ട്രഷറര്‍ ആര്‍. രമേശ്‌, പി.എം. ബേബി, തങ്കച്ചന്‍ കോട്ടക്കകം, ബാബുലാല്‍, സിബി കൊച്ചുവള്ളാട്ട്‌, ടി.സി. രാജു, റോയ്‌ വരര്‍ഗീസ്‌, ആര്‍. സുരേഷ്‌, ഷിബു എം. തോമസ്‌, മജോ കാരിമുട്ടം, സനൂപ്‌, സ്‌കറിയ, പി.എന്‍. രാജു, സണ്ണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 12 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW