Sunday, March 15, 2026 Last Updated 46 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.57 AM

66 കാരിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയ കേസ്‌ 2 സ്‌ത്രീകള്‍ കീഴടങ്ങി

തൊടുപുഴ: 66 കാരിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ടു സ്‌ത്രീകള്‍ കരിമണ്ണൂര്‍ പോലീസില്‍ കീഴടങ്ങി. തൊടുപുഴ കോലാനി താഴ്‌ചയില്‍ ഉഷ സുധന്‍(40) പത്തനംതിട്ട പയനല്ലൂര്‍ അയ്യപ്പഭവനം ദേവി(39) എന്നിവരാണ്‌ പോലീസിനു മുമ്പാകെ കീഴടങ്ങിയത്‌. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥനു മുമ്പാകെ ഹാജരാകാനാണു കോടതി നിര്‍ദേശിച്ചത്‌. തുടര്‍ന്നാണ്‌ ഇന്നലെ സ്‌റ്റേഷനില്‍ ഹാജരായത്‌.
ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ഇന്നു വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ധ്യാന കേന്ദ്രത്തിന്റെ പേരില്‍ കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66 കാരിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ്‌ ഇവര്‍ പിടിയിലായത്‌. ഇതോടെ സംഭവത്തില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം ആറായി. തട്ടിപ്പിനു നേതൃത്വം നല്‍കിയ പുറപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ്‌ ലക്ഷംവീട്‌ കോളനിയില്‍ വിജീഷ്‌ അജയകുമാര്‍ (34) അത്തവീട്ടില്‍ സുലോചന ബാബു (44), മകള്‍ അഞ്‌ജു ബാബു (29) അഞ്ചപ്ര വീട്ടില്‍ ഷാജിദ സി.ഷെരീഫ്‌ (29) എന്നിവരെ നേരത്തെ പിടി കൂടിയിരുന്നു. അഞ്ചു തവണയായാണ്‌ 11 പവനോളം സ്വര്‍ണം ഇവര്‍ തട്ടിയെടുത്തത്‌. സമാന രീതിയില്‍ തട്ടിപ്പു നടത്തിയതിന്‌ കോട്ടയം ഈസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിലും പാലാ പോലീസ്‌ സ്‌റ്റേഷനിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്‌.
ലോഷന്‍, പപ്പടം, കത്തി എന്നിവ വില്‍ക്കാനെത്തുന്നവരെന്ന പേരിലാണ്‌ പ്രതികള്‍ വീടുകളില്‍ എത്തിയിരുന്നത്‌. വീട്ടമ്മ തനിച്ചാണ്‌ താമസിക്കുന്നതെന്ന്‌ മനസിലാക്കിയ പ്രതികള്‍ വീടിനു ദോഷമുണ്ടെന്നും ഇതു മാറാന്‍ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയാല്‍ മതിയെന്നും ഇവരെ ധരിപ്പിച്ചു. സ്വര്‍ണം ധ്യാന കേന്ദ്രത്തില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ഥന നടത്തിയാല്‍ ദോഷം മാറുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പല തവണയായി സ്വര്‍ണം കൈക്കലാക്കിയത്‌. വിജീഷ്‌ ആയിരുന്നു തട്ടിപ്പിന്റെ പ്രധാന ആസൂത്രകന്‍.
വീട്ടമ്മയുടെ ബന്ധുക്കള്‍ സമീപത്തു തന്നെയാണ്‌ താമസിക്കുന്നത്‌. ഇവര്‍ക്കു തോന്നിയ സംശയമാണ്‌ തട്ടിപ്പു വിവരം പുറത്തു വരാനിടയാക്കിയത്‌. പ്രതികള്‍ ഇടയ്‌ക്കിടെ വീട്ടിലെത്തുന്നതും സ്വര്‍ണാഭരണങ്ങള്‍ കാണാതായതുമാണ്‌ സംശയത്തിനിടയാക്കിയത്‌. ആദ്യം വീട്ടമ്മ വിവരങ്ങളൊന്നും ബന്ധുക്കളോട്‌ പറഞ്ഞിരുന്നില്ലെങ്കിലും കൂടുതല്‍ സ്വര്‍ണം പോയതോടെ വിവരം പുറത്തു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ്‌ പോലീസിന്‌ പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്‌.

Ads by Google
Advertisement
Thursday 12 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW