-->
മാന്നാര്‍: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോദയ വിദ്യാലയത്തിന് മുന്നില്‍ പ്രതിഷേധ യോഗം നടത്തി.
പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന് പ്രധാന കവാടത്തിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി പ്രിന്‍സിപ്പലിന്റെ ഓഫീസ് പടിക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി.
കുട്ടികളെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
ജില്ലാ പ്രസിഡന്റ് അനന്തു അജി ഉദ്‌ഘാടനം ചെയ്‌തു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സമീര്‍, മേഘ, വൈസ് പ്രസിഡന്റ് അന്‍ഷാദ്, സെക്രട്ടേറിയറ്റംഗങ്ങളായ ആഷിക്, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. കായംകുളം അഭിരാമത്തില്‍ അഭിഗീതി(16)നെയാണ് സ്‌കൂളിലെ ഹോസ്‌റ്റലിലെ ശുചിമുറിയുടെ സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പെണ്‍കുട്ടികളുടെ ഹോസ്‌റ്റലിന്റെ ഇടനാഴിയില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി കമ്പിയില്‍ തൂങ്ങി മരിച്ചിരുന്നു.