-->
അമ്പലപ്പുഴ: സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമി കാട് കയറി വിഷപ്പാമ്പുകളുടെ താവളമായി മാറി. വീടിന് പുറത്തിറങ്ങാന്‍ ഭയന്ന് ഒരു പ്രദേശത്തെ നാട്ടുകാര്‍.അമ്പലപ്പുഴ ജംഗ്‌ഷനു സമീപം മാവേലി വില്ലയിലെ കുറേ കുടുംബങ്ങളാണ് അണലി ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളെ ഭയന്ന് ജീവിക്കുന്നത്.
അമ്പലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സ് പൊളിച്ച അഞ്ച് ഏക്കര്‍ സ്‌ഥലമാണ് ഇന്ന് നാട്ടുകാര്‍ക്ക് ജീവന് ഭീഷണിയായി മാറിയത്. കാലപ്പഴക്കം മൂലമാണ് ക്വാര്‍ട്ടേഴ്‌സിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല.ഇപ്പോള്‍ ഈ പ്രദേശം മുഴുവന്‍ കാടായി മാറി. ഇതിനുള്ളില്‍ വിഷപ്പാമ്പുകളുടെ കേന്ദ്രമാണ്. ഇവിടെ ചുറ്റുമതില്‍ ആകെ തകര്‍ന്നു കിടക്കുന്നതിനാല്‍ അണലി ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളാണ് എല്ലാ ദിവസവും വീടുകള്‍ക്ക് മുന്നില്‍. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏഴോളം അണലികളെയാണ് പിടികൂട്ടിയത്.
വീടിന് മുന്നിലെ ചെടിച്ചട്ടികളിലും കുട്ടികളുടെ സൈക്കിളിലുമൊക്കെ അണലി കയറുന്ന സ്‌ഥിതിയാണ്. കഴിഞ്ഞ ദിവസവും രാത്രിയില്‍ ഒരു അണലിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. വിഷപ്പാമ്പുകളെ ഭയന്ന് പകല്‍ സമയത്തു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ മേഖലയായ ഇവിടം ഇപ്പോള്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രമായി മാറ്റേണ്ട സ്‌ഥിതിയായി. ക്വാര്‍ട്ടേഴ്‌സ് നില നിന്നിരുന്ന സ്‌ഥലം മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കാനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. പാമ്പ് ശല്യം കൂടാതെ ഇവിടെ തെരുവ് നായ ശല്യവും വര്‍ധിച്ചു വരികയാണ്. അടിയന്തിരമായി ഈ സ്‌ഥലത്തെ കാട് വെട്ടി നീക്കി തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.