-->
മാന്നാര്‍: ഭവന രഹിതര്‍ക്ക് വീടുകളും കുടിവെള്ള ലഭ്യതയും ഉള്‍പ്പെടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്‍ഷിക മേഖലയ്‌ക്കും പ്രാമുഖ്യം നല്‍കി ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കരട് ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീജ ശ്രീകുമാര്‍ അവതരിപ്പിച്ചു. 28.73 കോടി രൂപ വരവും 28.67 കോടി രൂപ ചെലവും 5.92 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി രണ്ട് കോടി രൂപയും ആരോഗ്യ മേഖലയിലെ മരുന്ന് ലഭ്യത ഉറപ്പാക്കാനും വൃക്കരോഗികളെ സഹായിക്കാനുമായി 28 ലക്ഷം രൂപയും സ്‌ത്രീ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ 1.26 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ പിന്നോക്കാവസ്‌ഥ മാറ്റി സ്വാശ്രയത്വം കൈവരിക്കാന്‍ സഹായകമാകുന്ന പദ്ധതികളും വിഭാവനം ചെയ്‌തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം, വിവാഹ ധനസാഹായം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 35ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 35 ലക്ഷം രൂപയും മാറ്റിവെച്ച ബജറ്റില്‍ കുറ്റികുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കണ്ടെയ്‌നര്‍ കള്‍ട്ടിവേഷന്‍ എന്ന നൂതന പദ്ധതിയും വിഭാവനം ചെയ്യുന്നു.
പരമ്പരാഗതമായി ലഭിക്കുന്ന ഫണ്ടുകള്‍ കൂടാതെ ഹഡ്‌കോ ലോണ്‍ മുഖേനയും കൂടുതല്‍ ഗുണഭോക്‌താക്കള്‍ക്ക് പദ്ധതിയുടെ നേട്ടം ലഭിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബജറ്റില്‍ പറയുന്നു.