-->
പഴശ്ശി മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിലെ(എം.സി.ആര്‍.സി) കൂട്ടുകാര്‍ക്ക് ഊര്‍ജവും ഭാവിയെക്കുറിച്ചുള്ള വിശ്വാസവും പകര്‍ന്നു നല്‍കി കെ.വി.അനിരുദ്ധ്. സെറിബ്രല്‍ പാള്‍സി രോഗം ചക്രക്കസേരയിലാക്കിയിട്ടും അനിരുദ്ധ് തളര്‍ന്നില്ല. എറണാകുളം കേന്ദ്രീയ വിദ്യാലയത്തില്‍ 10ാം ക്ലാസ് പരീക്ഷയെഴുതിയ ശേഷം ഇപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് അവന്‍.
മകന് എല്ലാ പിന്തുണയുമായി അച്‌ഛന്‍ കെ.ഗോപകുമാറും അമ്മ കെ.വി.ധന്യയുമുണ്ട്. ലോകമെങ്ങും സഞ്ചരിക്കാനും ആള്‍ക്കാരുമായി സംവദിക്കാനും ഇഷ്‌ടപ്പെടുന്ന അനിരുദ്ധ് ചഢീഗഢ് താപ്പര്‍ സര്‍വകലാശാല പാട്യാല കാമ്പസിലെ എം.ബി.എ. വിദ്യാര്‍ഥികളുമായി അടുത്തിടെയാണ് സംവാദം നടത്തിയത്.പഞ്ചാബ് സീ ടി.വിയിലും അനിരുദ്ധിന്റെ അഭിമുഖം വന്നു. എം.ടി.വാസുദേവന്‍ നായര്‍, ശശി തരൂര്‍, സുധാമൂര്‍ത്തി, കൃഷ്‌ണമാചാരി ശ്രീകാന്ത്, മുത്തയ് മയുരളീധരന്‍, സുനില്‍ ഛേത്രി, ഇ.ശ്രീധരന്‍, ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് 300 ലധികം പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ത്ത അനിരുദ്ധിന് വില്യം ഷേക്‌സ്പിയര്‍ മുതല്‍ അരുദ്ധതി റോയ് വരെയുള്ളവരുടെ പുസ്‌തകങ്ങളെക്കുറിച്ച് ആഴത്തില്‍ അവഗാഹമുണ്ട്. വലിയ ക്രിക്കറ്റ് ആരാധകനായ അനിരുദ്ധ് കഴിഞ്ഞ ദിവസത്തെ ട്വന്റി20 ഫൈനലില്‍ ഇന്ത്യ കപ്പടിച്ചതിന്റെ ത്രില്ലിലാണ്. തന്റെ അനുഭവങ്ങള്‍ ബഡ്‌സ് സ്‌കൂളിലെ കൂട്ടുകാരുമായി പങ്കുവെക്കാനാണ് അനിരുദ്ധും കുടുംബവും മട്ടന്നൂരിലെത്തിയത്. ദൗര്‍ബല്യങ്ങളെയും പരിമിതികളെയും കുറിച്ച് ചിന്തിച്ചിരിക്കാതെ ഓരോ നിമിഷവും സന്തോഷപ്രദമാക്കണമെന്നാണ് അനിരുദ്ധ് കൂട്ടുകാരോടും രക്ഷിതാക്കളോടും പറഞ്ഞത്. കാസര്‍ക്കോട് നീലേശ്വരം സ്വദേശിയായ അനിരുദ്ധ് എറണാകുളത്താണ് താമസം. ഡോ.ടി.പി.രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.രജനി, മാനേജര്‍ പ്രമിത്ത്,ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ജെ.വൈ.ജൂലിമോള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍