-->
പയ്യാവൂര്‍: ഹരിതവത്‌കരണം ലക്ഷ്യമാക്കി ചെങ്ങളായി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന പ്ലാന്റ് എ മൊമെന്റ് പദ്ധതിക്ക് തുടക്കമായി. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ജന്മദിനങ്ങള്‍ തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ പൊതു ഇടങ്ങളിലും പൊതു സ്‌ഥാപനങ്ങളുടെ പരിസരങ്ങളിലും ചെടികളും ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണിത്. എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള തൈകളുടെ ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന വൈസ് പ്രസിഡന്റ് കെ.കെ. രവിക്ക് നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ഇതോടൊപ്പം മഴക്കാല പൂര്‍വ ശുചീകരണത്തിനുളള ഒരുക്കങ്ങളും ആരംഭിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വികസന കാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്‌ണന്‍ ആമുഖ പ്രഭാഷണവും വൈസ് പ്രസിഡന്റ് കെ.കെ. രവി പദ്ധതി വിശദീകരണവും നടത്തി. കെ.സി. അമ്മുക്കുട്ടി, ശ്രീകണ്‌ഠപുരം പോലീസ് ഇന്‍സ്‌പെക്‌ടര്‍ അമല്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.പി. മോഹനന്‍, ഇ. ഗോവിന്ദന്‍, കെ.എം.പി. മുഹമ്മദ് കുഞ്ഞി, പി.വി. കുഞ്ഞികൃഷ്‌ണന്‍, എ.ജെ. സജിമോന്‍, കെ. ലിജ, പഞ്ചായത്ത് അസിസ്‌റ്റന്റ് സെക്രട്ടറി പി.യു. താഹിറ എന്നിവര്‍ പ്രസംഗിച്ചു.