-->
കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഒന്നരക്കോടി രൂപ വിനിയോഗിച്ച് നവീകരിച്ച ഒ.പി ബ്ലോക്ക്, ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍, ഓപണ്‍ ജിം എന്നിവയുടെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനിന പി. ത്യഗരാജ് പദ്ധതി വിശദീകരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ശോഭിത, ആശുപത്രി സൂപ്രണ്ട് ഡോ. ബി. റിതേഷ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. കെ.എല്‍. നിമിമോള്‍, ഡോ. കെ.ആര്‍. മന്‍സൂര്‍ അലി, എച്ച്.ഡി.എസ് പ്രതിനിധികള്‍, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നര്‍മദ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്‌ഥാപനവും നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്‌ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച സെമിനാര്‍ ഹാള്‍, ദൃഷ്‌ടി പദ്ധതി ക്ലിനിക്ക്, കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നിര്‍മിച്ച മള്‍ട്ടി യൂട്ടിലിറ്റി കോണ്‍ഫറന്‍സ് ഹാള്‍, അത്തോളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ 30 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ആയുര്‍കര്‍മ പഞ്ചകര്‍മ കെട്ടിടം എന്നിവയുടെ ഉദ്‌ഘാടനവും അണ്ടിക്കോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിര്‍മിക്കുന്ന ആയുര്‍കര്‍മ പഞ്ചകര്‍മ കെട്ടിടത്തിന്റെയും വെണ്ണക്കോട് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും പ്രവൃത്തി ഉദ്‌ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.