-->
ഇലന്തൂര്‍: കടുത്ത വിഭാഗീയത നിലനിന്ന ഇലന്തൂര്‍ പരിയാരം ലോക്കല്‍ കമ്മറ്റിയില്‍ വന്‍ വെട്ടിനിരത്തല്‍. സി.പി.എം ന്റെ ഉറച്ച കോട്ടയായിരുന്ന പരിയാരം പ്രദേശത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രണ്ട് തവണ ലോക്കല്‍ കമ്മറ്റി കൂടിയപ്പോള്‍ അത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചിരുന്നു. ഇതെ തുടര്‍ന്ന് ജില്ലാ ഏരിയാ നേതൃത്വങ്ങള്‍ ഇടപെട്ടാണ് കഴിഞ്ഞ ദിവസം വീണ്ടും ലോക്കല്‍ കമ്മറ്റി യോഗം വിളിച്ചത്. തുടര്‍ന്നാണ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി വര്‍ഗീസ് സഖറിയാ, മുന്‍ പരിയാരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ബ്ലോക്ക് സ്‌ഥാനാര്‍ത്ഥിയുമായ സജി തെക്കുംകര , പി ജി ഗോപി, സുധീഷ് , മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അതിരാ ജയന്‍, ദിനേശ് കുമാര്‍ എന്നിവരെ പുറത്താക്കിയത്. ലോക്കല്‍ കമ്മറ്റിയുടെ ചുമതല ഇലന്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി .വി വിനോദിന് കൈമാറിയിട്ടുണ്ട്.
രണ്ടാം വാര്‍ഡില്‍ ഇടത് സ്‌ഥാനാര്‍ത്ഥിക്കെതിരെ വിമത സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച ഭര്‍ത്യ പിതാവ് ബൈജു കുമാറിനായി നാമനിര്‍ദേശ പത്രിക നല്‍കിയതിനാണ് അതിരാ ജയനെ പുറത്താക്കിയത്. എന്നാല്‍ ആതിരാ ജയന്റെനേതൃത്വത്തില്‍ അനധികൃത മണ്ണെടുപ്പിനെതിരെ പരാതി നല്‍കിയതിനാണ് ഓലിക്കല്‍ ബ്രാഞ്ച് സെക്രട്ടറിയും ഓലിക്കല്‍ 153 ആം നമ്പര്‍ ബൂത്ത് സെക്രട്ടറിയുമായ ദിനേശ് കുമാറിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പുറത്തും വിമത പക്ഷങ്ങളില്‍ നിന്ന വര്‍ അകത്തുമെന്നാണ് ഇപ്പോള്‍ ആരോപണം.
സി പി എം ന് ചരിത്രത്തിലില്ലാത്ത പരാജയം ഉണ്ടാകാന്‍ ഇടയാക്കിയ ആളുകള്‍ അകത്തും ആയ അവസ്‌ഥയാണുള്ളതെന്ന ആരോപണമാണ് ഉയരുന്നത്. പുതുതായി ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ ഇടപ്പരിയാരം 6 ആം വാര്‍ഡില്‍ മത്സരിച്ച പി കെ പ്രസന്നന്റെ പരാജയത്തിന് മുഖ്യ പങ്ക് വഹിച്ചിരുന്നു എന്നും ആരോപണമുണ്ട്.
പഴയ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ബന്ധു എന്ന പരിഗണനയില്‍ ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയ ആള്‍ക്ക് റിയല്‍ എസേ്‌റ്ററ്റ് മണ്ണ് മാഫിയ ബന്ധമുണ്ടെന്നും മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ആളുമാണെന്നും മറു വിഭാഗം ആരോപിക്കുന്നുണ്ട്.നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വീകരിച്ച നടപടി പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.