Saturday, March 14, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.08 AM

കൂപ്പുകുത്തി കൊക്കോ വില

uploads/news/2026/03/829594/1.jpg

കോട്ടയം: യുദ്ധം വിനയായി കൂപ്പു കുത്തി കൊക്കോ വില, സീസണ്‍ ആരംഭിച്ച ഘട്ടത്തില്‍ വിലയിടിഞ്ഞതില്‍ നിരാശരായി കര്‍ഷകരും. മൂന്നാഴ്‌ച മുമ്പ്‌ 350- 370 രൂപയായിരുന്നു ഒരു കിലോ ഉണക്ക കൊക്കോയുടെ വില.
എന്നാല്‍, കഴിഞ്ഞ കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്‌ 250- 270 രൂപയ്‌ക്കും. വരും ദിവസങ്ങളില്‍ വീണ്ടും വില കുറഞ്ഞേക്കാമെന്ന സൂചനയാണ്‌ വ്യാപാരികള്‍ നല്‍കുന്നത്‌. മുന്‍ വര്‍ഷങ്ങളിലെ കൊക്കോ വില വര്‍ധനയെത്തുടര്‍ന്നു കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്കു തിരിഞ്ഞതിനു പിന്നാലെയാണു തിരിച്ചടി.
രണ്ടു വര്‍ഷം മുമ്പ്‌ ഉണക്ക കൊക്കോയുടെ വില 1000 രൂപ കടന്നിരുന്നു. ആഗോള തലത്തില്‍ കൊക്കോയ്‌ക്കുണ്ടായ ക്ഷാമമാണ്‌ വിലക്കയറ്റത്തിലേക്കു നയിച്ചത്‌. ഏറെ നാളുകള്‍ക്കു ശേഷം വില ഉയര്‍ന്നതില്‍ കര്‍ഷകര്‍ സന്തോഷത്തിലുമായി. പിന്നീട്‌ വില താഴ്‌ന്നുവെങ്കിലും 350- 600 നിരക്കില്‍ തുടരുകയായിരുന്നു. സീസണ്‍ തുടക്കത്തില്‍ താരതമ്യേന മികച്ച വിലയായ 350 -370 രൂപയില്‍ നില്‍ക്കവേയാണു യുദ്ധം ആരംഭിച്ചതും വില ഇടിഞ്ഞതും.
യുദ്ധം അവസാനിച്ചാലും കയറ്റുമതി ഉള്‍പ്പെടെ വൈകുമെന്നതിനാല്‍ വില ഉയരാനുള്ള സാധ്യതയും വൈകും.
ജില്ലയില്‍ നിരവധി കര്‍ഷകര്‍ തനിവിളയായും ഇടവിളയായും കൊക്കോ കൃഷി ചെയ്യുന്നുണ്ട്‌. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ റബര്‍ തോട്ടങ്ങളില്‍ കൊക്കോ വളര്‍ത്തുന്നവരുണ്ട്‌. രണ്ടു വര്‍ഷം മുമ്പുണ്ടായ വില വര്‍ധനവിനെത്തുടര്‍ന്നു നൂറുകണക്കിനു കര്‍ഷകര്‍ കൊക്കോയിലേക്കു തിരിഞ്ഞിരുന്നു. കാലാവസ്‌ഥ പ്രതികൂലമായിരുന്നതിനാല്‍ ഈ വര്‍ഷം മുന്‍ വര്‍ഷത്തേത്‌ അപേക്ഷിച്ച്‌ ഉത്‌പാദനം കുറവാണ്‌. അണ്ണാന്‍, കുരങ്ങന്‍, എലി എന്നിവയുടെ ശല്യം മൂലമുണ്ടാകുന്ന നഷ്‌ടം വേറെ. പല വിധ രോഗങ്ങളാല്‍ മൂപ്പെത്തും മുമ്പേ കൊക്കോ നശിക്കുന്നതും പതിവാണ്‌. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും കൃഷി തുടരവേയാണു വിലയിടിവ്‌ തിരിച്ചടിയാകുന്നത്‌. കിലോയ്‌ക്ക് 600 രൂപയെങ്കിലും ലഭിക്കുന്ന രീതിയില്‍ കൊക്കോയ്‌ക്ക് തറവില നിശ്‌ചയിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഇതിനൊപ്പം സംഭരണം, വിപണനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. റബറും നെല്ലും പോലെ സര്‍ക്കാരിന്റെ കൈത്താങ്ങ്‌ ലഭിച്ചാല്‍ കൊക്കോ കൃഷി ലാഭകരമായി തുടരാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Wednesday 11 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW