-->
തൊടുപുഴ: അറുപത് മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
2010 ല്‍ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷനല്‍ എക്‌സ്റ്റെന്‍ഷനുശേഷം സംസ്‌ഥാനത്ത് കമ്മിഷന്‍ ചെയ്യുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
നാലുവര്‍ഷംകൊണ്ട് തീര്‍ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ പദ്ധതി പൂര്‍ത്തിയാക്കിയത് 19 വര്‍ഷം കൊണ്ടാണ്. 268 കോടി എസ്‌റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 594.37 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. 2007 ഡിസംബര്‍ 26 ന് അന്നത്തെ വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച പദ്ധതിയാണിത്.
പദ്ധതിയില്‍ ഒരു ദിവസം ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നത് 14.4 ലക്ഷം യൂണിറ്റ് വൈദ്യുതിയാണെങ്കില്‍, യൂണിറ്റിന് ശരാശരി 5 രൂപ വച്ച് കണക്കാക്കിയാല്‍ പോലും ഒരു ദിവസത്തെ ഉല്‍പ്പാദന നഷ്‌ടം 72 ലക്ഷം രൂപയാണ്. കൂടാതെ പ്രതിമാസം 3 കോടിയോളം രൂപ വൈദ്യുതി ബോര്‍ഡിന് പലിശയിനത്തിലും നഷ്‌ടമാകുന്നുണ്ട്.
153 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പള്ളിവാസല്‍ വിപുലീ കരണ പദ്ധതിയില്‍നിന്ന് പ്രതിവര്‍ഷം സംസ്‌ഥാനത്തിന് ലഭ്യമാവുക. പഴയ പള്ളിവാസല്‍ പവര്‍ ഹൗസില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളം പുതിയ പെന്‍സ്‌റ്റോക്കില്‍നിന്നും വൈ പീസ് മുഖേന തിരിച്ചുവിടാനാണ് പദ്ധതി.
ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതോടെ 37.5 മെഗാവാട്ടിന്റെ സംസ്‌ഥാനത്തെ ആദ്യ പവര്‍ഹൗസ് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
മുംബൈ ആസ്‌ഥാനമായുള്ള എസ്.ആര്‍. ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡി.ഇ.സി യും ഹൈദരാബാദിലെ സി.പി.പി.എല്‍ കമ്പനിയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം 2007 നവംബറില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി.
വിവിധ കാരണങ്ങള്‍ കൊണ്ട് ജോലികള്‍ ഇഴയുകയും സ്‌തംഭിക്കുകയും തുടര്‍ന്ന് 2018 ജൂലൈ 16 ന് കരാര്‍ റദ്ദാക്കി.
റെയില്‍ പദ്ധതികളിലെ അനുഭവബലത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ നേരിട്ടെത്തി മാര്‍ഗനിര്‍ദേശം നല്‍കിയെങ്കിലും നടപ്പായില്ല. തുടര്‍ന്ന് ഏറെക്കാലം നിര്‍മാണം നിലച്ചു.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 2018 മാര്‍ച്ചില്‍ ഡല്‍ഹി ആസ്‌ഥാനമായുള്ള ഭൂമി കണ്‍സ്‌ട്രക്ഷന് കരാര്‍ നല്‍കി. ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇവര്‍ ടണല്‍ പൂര്‍ത്തിയാക്കിയത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയവും കോവിഡ് പ്രതിസന്ധിയും ഏറെ വെല്ലുവിളികള്‍ സൃഷ്‌ടിച്ചിരുന്നു. പദ്ധതിയിലെ ഉല്‍പാദനച്ചെലവ് ആദ്യ വര്‍ഷം യൂണിറ്റിന് 8.68 രൂപയും പിന്നീട് പിടിപടിയായി കുറഞ്ഞ് ഇത് 78 പൈസയുമാകും.
കോടികളുടെ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളം, മൂന്നാറിലെ ആര്‍.എ ഹെഡ്വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ രൂപപ്പെടുത്തിയത്. മാട്ടുപ്പെട്ടി ഡാമിലെ വെള്ളമാണ് ആര്‍.എ ഹെഡ്‌വര്‍ക്‌സില്‍ എത്തുന്നത്. കുണ്ടള ഡാമിലെ വെള്ളം മാട്ടുപ്പെട്ടിയിലും എത്തും.
പള്ളിവാസല്‍ പവര്‍ഹൗസ് അങ്കണത്തില്‍ രാവിലെ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
മന്ത്രി റോഷി അഗസ്‌റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ എം.എം മണി, എ. രാജ, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ മിന്‍ഹാജ് ആലം, കെ.എസ്.ഇ.ബി ഡയറക്‌ടര്‍മാര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, തൃതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.എസ്.ഇ.ബി. മീന്‍കട്ട് സിവില്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ. ബിജു പറഞ്ഞു.