-->
മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി മലയോര മേഖലയുടെയുടെ അഭിമാനമായി മാറുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദേവികുളത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദേവികുളം ആര്‍.ഡി.ഒ ഓഫീസ് ജങ്‌ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ.എ.രാജ അധ്യക്ഷത വഹിച്ചു.
നിര്‍മാണത്തിന്റെ ശിലാഫലകം എം.എല്‍.എ അനാവരണം ചെയ്‌തു. ആശുപത്രി നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള അഞ്ച് ഏക്കര്‍ സ്‌ഥലത്ത് തറക്കല്ലിടുന്ന ചടങ്ങും എം.എല്‍.എ നിര്‍വഹിച്ചു.
63.28 കോടി രൂപയാണ് സര്‍ക്കാര്‍ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. നിശ്‌ചയിച്ച കാലാവധിയില്‍ പണി തുടങ്ങാനാവാതെ പദ്ധതി ഉപേക്ഷിക്കപ്പെടുന്ന അവസ്‌ഥയില്‍ ഹൈക്കോടതി ഇടപെട്ടതാണ് പദ്ധതിക്ക് പുനര്‍ ജീവന്‍ നല്‍കിയത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ഉണ്ടായത്. 2024 മേയ് 19 നാണ് മൂന്നാറില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടായത്.
റവന്യൂ വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലം ആരോഗ്യവകുപ്പിന് കൈമാറി ഒരു വര്‍ഷത്തിനകം പണി തുടങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം പദ്ധതി റദ്ദാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പദ്ധതി നിര്‍വഹണ ചുമതല കെ.എസ്.ഇ.ബി യെ ഏല്‍പ്പിക്കുകയും ചെയ്‌തു. പദ്ധതി ഏറ്റെടുക്കാനില്ലെന്ന് അറിയിച്ച് കെ.എസ്.ഇ .ബി പിന്മാറുകയും പദ്ധതി നിലച്ചു.
സെന്റര്‍ ഫോര്‍ പ്ര?ട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്‌റ്റിസ് എന്ന മനുഷ്യാവകാശ സംഘടന ഹൈക്കോടതിയെ സമീപിക്കുകയും കോടതി സര്‍ക്കാരിനോട് എതിര്‍സത്യ വാങ്ങ്‌മൂലം നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
പദ്ധതി റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കുറച്ചുകൂടി സാവകാശം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങിയത്.
രണ്ടു വര്‍ഷത്തിനകം പണി പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ദേവികുളം സബ് കലക്‌ടര്‍ ആര്യ.വി.എം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ഈശ്വരന്‍, സി.നെല്‍സണ്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഷാരോണ്‍ മാമ്മന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.