-->
തൊടുപുഴ: ഇടത് സര്‍ക്കാര്‍ ജില്ലയില്‍ വനവിസ്‌തൃതി വര്‍ധിപ്പിച്ചതുമൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്‌ഥിതി വിശേഷമുണ്ടാകുന്നതായി ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി.
ജില്ലയില്‍ 54,000 ഏക്കര്‍ ഭൂമി പുതിയതായി സംരക്ഷിത വനമാക്കി മാറ്റിയെന്നാണ് വനം മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
നിര്‍ദിഷ്‌ട സത്രം എയര്‍സ്‌ട്രിപ്പിന്റെ ഭൂമി റിസര്‍വ് വനമായി വിഞ്‌ജാപനം ചെയ്‌തതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇതിന് സമാനമായ സംഭവമാണ് 2006ല്‍ വി.എസ്. സര്‍ക്കാര്‍ വിഞ്‌ജാപനം ചെയ്‌ത വാഗമണ്‍ റിസര്‍വിന്റെ പേരിലും ഉണ്ടാകുന്നത്.
ഈ റിസര്‍വ് വനത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ മൂലമറ്റം - പതിപ്പള്ളി - ഉളുപ്പൂണി റോഡിന്റെ നിര്‍മാണം വര്‍ഷങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. 2014- 15 ലാണ് ഈ റോഡിന് 9.38 കോടി രൂപ ബജറ്റില്‍ അനുവദിക്കുന്നത്.
കൂടാതെ ഈ മേഖലയിലെ പട്ടയനടപടികള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുന്നു.
1966 മുതലുള്ള കൈവശഭൂമിയില്‍ കൃഷി ചെയ്‌തതിന് സ്‌ഥലം ഉടമയ്‌ക്കെതിരെ വനത്തില്‍ അതിക്രമിച്ച് കയറിയതിന് കള്ളക്കേസ് എടുത്തത് ഉള്‍പ്പടെ അതിക്രൂരമായ പീഡനമാണ് വനം വകുപ്പിലൂടെ ഇടതു സര്‍ക്കാര്‍ നടത്തിയത്.
ആദിവാസി ഊരുകളിലേക്കുള്ള റോഡുകളടക്കം നിരവധി വികസന പദ്ധതികളാണ് പുതിയ റിസര്‍വ് വനത്തിന്റെ പേരില്‍ തടസപ്പെട്ടത്.
പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ച് പട്ടയത്തിന് കാത്തിരിക്കുന്ന കര്‍ഷകരെ ഇടതു സര്‍ക്കാര്‍ കൈയേറ്റക്കാരാക്കി ഇവര്‍ക്ക് പട്ടയം നിഷേധിച്ച് ആസൂത്രിതമായി കുടിയി റക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
2000 ത്തില്‍ ടുറിസം വകുപ്പിന് കൈമാറിയ ഭൂമിയുള്‍പ്പടെയാണ് വാഗമണ്‍ റിസര്‍വ് വിഞ്‌ജാപനം ചെയ്‌തത്.
റവന്യൂ ഭൂമി വനമാക്കി മാറ്റി ജില്ലയില്‍ വനം വകുപ്പിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് ഇടത് സര്‍ക്കാറാണ്. ഇതിന് ജില്ലയിലെ ഇടത് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യശപ്പട്ടു.