-->
രാജകുമാരി: ശാന്തന്‍പാറ-പൊട്ടന്‍കാട് റോഡിന്റെ വീതി നിര്‍മാണം 15 മീറ്റര്‍. എന്നാല്‍ രാജകുമാരി കുരിശുപള്ളി ജങ്‌ഷനില്‍ സ്വകാര്യ സ്‌ഥാപനത്തിനുവേണ്ടി വീതി ചുരുക്കിയത് 6 മീറ്റര്‍. ശരിക്കും നിലവില്‍ 4 മീറ്റര്‍ വീതി മാത്രം. റോഡ് പണികള്‍ പൂര്‍ത്തിയായെങ്കില്‍ ഈ പ്രശ്‌നം മാത്രം പരിഹരിക്കാതെ ഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഭരണ സംവിധാനങ്ങളുമെല്ലാം മൗനമായി.
ദുരിതത്തിലായതോ ജനങ്ങളും. റോഡ് പണി പുരോഗമിക്കുന്ന ഘട്ടത്തില്‍ വീതികുറച്ചുള്ള നിര്‍മാണത്തിനെതിരെ പരാതികളും ആക്ഷേപങ്ങളും ശക്‌തമായിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ സ്‌ഥാപന ഉടമ വീതി കൂട്ടുന്നതിന് തടസം നില്‍ക്കുകയും വീതി കൂട്ടിയ നിര്‍മാണം തടഞ്ഞുകൊണ്ട് സ്‌റ്റേ വാങ്ങുകയും ചെയ്‌തു. ഇതോടെ ജനപ്രതിനിധികളടക്കം പ്രശ്‌നത്തില്‍നിന്നു പിന്‍വാങ്ങി.
പിന്നീട് സ്‌റ്റേ കാലാവധി കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിന് പഞ്ചായത്ത് സ്‌ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ നടപടി ഉണ്ടായില്ല. ഇതോടെ കരാറുകാരന്‍ 4 മീറ്ററില്‍ത്തന്നെ ഈ ഭാഗത്ത് ടാറിങ് നടത്തി. ഇതോടെ വെട്ടിലായത് വാഹന ഉടമകളും കാല്‍നട യാത്രക്കാരുമാണ്.
ഇരുവശങ്ങളില്‍നിന്നു ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വന്നാല്‍ ടൗണില്‍ ഗതാഗതം സ്‌തംഭിക്കുന്ന സ്‌ഥിതി. കാല്‍നട പോലും അസാധ്യം. കുരിശു പള്ളിയും മറുഭാഗത്തെ കച്ചവടസ്‌ഥാപനവുമാണ് പ്രധാന പ്രശ്‌നം.
ആശുപത്രി ആവശ്യം പോലുള്ള അടിയന്തര ഘട്ടത്തില്‍ ഗതാഗത തടസം പ്രതിസന്ധി സൃഷ്‌ടിക്കുന്നു. സ്‌ഥല ഉടമകള്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കി അധികൃതര്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് ജന അഭിപ്രായം.