Friday, March 13, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

ഊരക്കാട്‌ കഞ്ചാവ്‌ വേട്ട: ഒളിപ്പിച്ച നിലയില്‍ 4 കിലോ കഞ്ചാവ്‌ കൂടി കണ്ടെടുത്തു

കിഴക്കമ്പലം: ഊരക്കാട്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്‌ സമീപം കാര്‍ മറിഞ്ഞ സംഭവത്തിന്‌ പിന്നാലെ പ്രദേശത്ത്‌ നടത്തിയ തിരച്ചിലില്‍ നാല്‌ കിലോ കഞ്ചാവ്‌ കൂടി പോലീസ്‌ കണ്ടെടുത്തു.
അപകടസ്‌ഥലത്തിന്‌ ഇരുന്നൂറ്‌ മീറ്റര്‍ അകലെയുള്ള കപ്പേളയ്‌ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്‌. അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന പ്രതി ശ്രീരാജിനെ പോലീസ്‌ ചോദ്യം ചെയ്‌തതോടെയാണ്‌ കൂടുതല്‍ കഞ്ചാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. അപകടം നടന്ന ഉടന്‍ കാറിലുണ്ടായിരുന്ന രണ്ടാമന്‍ ഒരു ബാഗുമായി പിന്നാലെ വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഇയാളുടെ പക്കലുള്ള ബാഗിലും കഞ്ചാവുണ്ടായിരുന്നുവെന്ന സംശയം പുതിയ കണ്ടെത്തലോടെ ബലപ്പെട്ടിരിക്കുകയാണ്‌.
കാറില്‍ നിന്ന്‌ നേരത്തെ തന്നെ നാട്ടുകാര്‍ കഞ്ചാവ്‌ പൊതികള്‍ കണ്ടെടുത്തിരുന്നു. സംഭവം നടന്ന്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ തടിയട്ടപറമ്പ്‌ പോലീസിന്‌ സാധിക്കാത്തത്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. പ്രതിയെ രക്ഷപ്പെടാന്‍ പോലീസ്‌ അനുവദിച്ചതാണെന്നും കേസില്‍ ഉന്നതതല ഒത്തുകളി നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത്‌ ദീര്‍ഘനാളായി കഞ്ചാവ്‌ വില്‍പ്പന വ്യാപകമാണെന്ന പരാതി നിലനില്‍ക്കെയാണ്‌ ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത്‌.
എന്നാല്‍, പരുക്കേറ്റ ശ്രീരാജിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി അയല്‍ ജില്ലകളിലടക്കം തിരച്ചില്‍ തുടരുകയാണെന്നുമാണ്‌ പോലീസ്‌ നല്‍കുന്ന വിശദീകരണം. മേഖലയിലെ ലഹരി മാഫിയാ സംഘങ്ങളെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW