-->
അമ്പലപ്പുഴ: മകള്‍ ദേവിപ്രിയയുടെ പഠനം പാതിവഴിയില്‍ മുറിയാതിരിക്കാന്‍ സുമനസുകളുടെ സഹായത്തിനായി പ്രാര്‍ഥനയോടെ കഴിയുകയാണ് രോഗികളായ മാതാപിതാക്കള്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡ് വിയാനി റെയില്‍വേ ട്രാക്കിനു സമീപം ഐശ്വര്യാലയം വീട്ടില്‍ രാജുവിന്റെയും അമ്പിളിയുടെയും മകള്‍ ആര്‍. ദേവി പ്രിയയു(18)ടെ പഠനമാണ് സാമ്പത്തിക പരാധീനത മൂലം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലായത്.
പുത്തനത്താണി കല്ലുങ്കല്‍ പ്രൈമസ് ഹോസ്‌പിറ്റല്‍ ആന്റ് അക്കാഡമിയില്‍ രണ്ടാംവര്‍ഷ ഡയാലിസ് വിദ്യാര്‍ഥിനിയാണ് ദേവി പ്രിയ. നല്ല മാര്‍ക്കോടെയാണ് എസ്.എസ്.എല്‍.സി. പാസായത്. കോളജ് ഫീസും താമസവാടകയും ഭക്ഷണവും ഉള്‍പ്പടെ ഒരു വര്‍ഷം 80,000 രൂപയോളം വേണം. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാജുവിന് കോവിഡ് സമയത്ത് കുത്തിവെപ്പ് എടുത്തതോടെ കടുത്ത ശ്വാസം മുട്ടലും തളര്‍ച്ചയും കൂടി.
ഇതോടെ പണിക്കുപോകാന്‍ പറ്റാത്ത സ്‌ഥിതിയായി. ഭാര്യ അമ്പിളിക്കു കേള്‍വി ശക്‌തിയില്ല. തലക്കു പിന്നില്‍ ചില ഞരമ്പുകള്‍ വളരുന്നതിനാല്‍ ഇടയ്‌ക്കിടെ തലചുറ്റലില്‍ നിലം പതിക്കും. ഇതു വലിയ ചെലവുവരുന്ന ശസ്‌ത്രക്രിയ നടത്തിയേ മാറ്റാനാകൂ.
ഇവര്‍ക്കു ഗുളികയ്‌ക്കുതന്നെ പ്രതിദിനം 150 രൂപ വേണം. കുടുംബത്തില്‍ ആര്‍ക്കും വരുമാന മില്ലാത്തതിനാല്‍ മറ്റുള്ളവരുടെ സഹായത്താലാണ് വല്ലപ്പോഴും അടുപ്പില്‍ തീ പുകയുന്നത്. മൂന്ന് സെന്റ് സ്‌ഥലത്തെ ഷീറ്റ് മേഞ്ഞ കുടിലിലാണ് ഇവരുടെ താമസം.
ഇളയമകന്‍ മഹാദേവന്‍ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്. അടിയന്തരമായി രണ്ടാം വര്‍ഷത്തെ ഫീസ് അടച്ചില്ലെങ്കില്‍ ദേവി പ്രിയയുടെ പഠന സ്വപ്‌നം എരിഞ്ഞടങ്ങും. എന്നാല്‍ മനസില്‍ നന്മയുടെ ഉറവ വറ്റാത്തവരുടെ കൈത്താങ്ങാണ് ഈ ദരിദ്രകുടുബത്തിന്റെ പ്രതീക്ഷ. ബാങ്ക് വിവരങ്ങള്‍: അക്കൗണ്ട് നമ്പര്‍: 74748100000268
ഐ.എഫ്.എസ്.സി: ബിഎ ആര്‍ ബി ഒ യു ജെ എ എല്‍ എ.പി, ബാങ്ക് ബറോഡ ആലപ്പുഴ ശാഖ, ഫോണ്‍: 99959 43398 ഗൂഗിള്‍ പേ: 8714002181.