-->
പുല്‍പ്പള്ളി: കബനിപ്പുഴയ്‌ക്കു കുറുകെ ബീച്ചനള്ളിയില്‍ പുതിയ പാലം ഉയരുന്നു. മഴക്കാലത്ത് ഒറ്റപ്പെടുന്ന ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം സാധ്യമാക്കുന്നതിനാണ് പുതിയ പാലം വരുന്നത്. കര്‍ണാടക മരാമത്ത് വകുപ്പ് 50 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാവും.
മഴക്കാലം ആരംഭിച്ച് ബീച്ചനള്ളി അണക്കെട്ട് നിറയുന്നതോടെ ബേഗൂര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടും. അണക്കെട്ടിനു താഴെയുള്ള പാലം വെള്ളത്തില്‍ മുങ്ങുന്നതാണ് പ്രശ്‌നം. പാലത്തില്‍ നിന്നു 10 അടിയിലധികം ഉയരത്തില്‍ കുത്തൊഴുക്കുണ്ടാവാറുണ്ട്. ഈ സമയം വാഹനഗതാഗതം പുര്‍ണമായി തടസ്സപ്പെടും.
ഇരുചക്രവാഹനങ്ങള്‍ മാത്രം അണക്കെട്ടിനു മുകളിലൂടെ കടത്തിവിടും. ബേഗൂരിനു പുറമെ മൂര്‍മാന്ത്, ഗുണ്ടത്തൂര്‍, കെഞ്ചനഹള്ളി, ജക്കള്ളി, വീരമ്പള്ളി തുടങ്ങിയ വലതും ചെറുതുമായ ഗ്രാമങ്ങളിലെ ജനങ്ങള്‍ മുഖ്യധാരയിലെത്താന്‍ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. സര്‍ഗുരിലെത്തി അവിടത്തെ പാലത്തിലൂടെയാണ് ഹാന്‍ഡ് പോസ്‌റ്റിലും മറ്റുമെത്തുക. ആയിരക്കണക്കിനു കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രതീക്ഷയാണ് ഈ പാലം.
ഇതോടൊപ്പം മാനന്തവാടിമൈസൂരു റോഡുമായി ബന്ധമുള്ള പാതയും വീതികൂട്ടി ഗതാഗതയോഗ്യമാക്കി. 15 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് പാതയാണ് നിര്‍മിച്ചത്. ബീച്ചനഹള്ളിയില്‍ നിന്ന് എന്‍. ബേഗൂരിലേക്കുള്ള റോഡ് നവീകരണവും നടന്നുവരുന്നു.
കബനിയില്‍ അണകെട്ടിയതോടെയാണ് വിവിധ ഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം മുറിഞ്ഞത്. പുതിയ പാലം വരുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്രാതടസ്സങ്ങള്‍ മാറും. അണക്കെട്ട് പൂര്‍ണമായി തുറന്നുവിട്ടാലും ബാധിക്കാത്ത വിധത്തില്‍ നല്ല ഉയരത്തിലാണ് പുതിയപാലം നിര്‍മിക്കുന്നത്.