-->
കൂത്തുപറമ്പ്: ഊര്‍പ്പള്ളിചമ്പാട് റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചു. ജനുവരിയിലാണ് നവീകരണം തുടങ്ങിയത്. രണ്ടാഴ്‌ചയോളമായി പ്രവൃത്തി നടക്കുന്നില്ല. റോഡിന്റെ ഇരുവശത്തും കരിങ്കല്ലുകൊണ്ട് കെട്ടിയെങ്കിലും പ്രവൃത്തി പൂര്‍ണമാക്കിയിട്ടില്ല. റോഡിന് വീതി കൂട്ടിയെങ്കിലും പൊടിയും മണ്ണും കുഴിയുമായതിനാല്‍ വാഹനയാത്ര പ്രയാസമാണ്. ചെറിയ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ കഷ്‌ടപ്പെടുകയാണ്.വേങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡിലൂടെ കടന്ന് പോകുന്ന റോഡിന് ആറ് മീറ്ററോളം വീതിയുണ്ട്. മൂന്ന് കിലോമീറ്ററോളം നീളമുള്ള റോഡ് പലയിടത്തും പൂര്‍ണമായും തകര്‍ന്ന് ഗതാഗതം പ്രയാസത്തിലായിരുന്നു. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മഴയത്ത് സാഹസിക യാത്ര നടത്തേണ്ടിവരുമ്പോള്‍ വേനല്‍കാലത്ത് റോഡില്‍ നിന്നുയരുന്ന പൊടിമണ്ണും തിന്ന് പോകേണ്ടി വരും. ടാറിങ് ഇളകി റോഡ് പലയിടങ്ങളിലായി വലിയ കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങി വര്‍ഷങ്ങളായെങ്കിലും അവഗണന തുടരുകയാണ്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയത്. സ്വകാര്യ ബസുകളും നിരവധി സ്‌കൂള്‍ ബസുകളും റോഡിലൂടെ കടന്നു പോകുന്നുണ്ട്. നിരവധി വ്യാപാരസ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡിന് കുറുകയായി രണ്ട് കനലുകള്‍ വന്നതോടെ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റിയിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കനാലിന്റെ വശങ്ങളില്‍ മണ്ണിട്ടത് കൊണ്ടു മാത്രമാണ് വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവുന്നത്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡിലൂടെ കാല്‍നടയാത്ര പോലും നടക്കാന്‍ പ്രയാസത്തിലാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
പി പ്രത്യൂപ്
കൂത്തുപറമ്പ്