-->
ബാലുശേരി: പൊതുജനാരോഗ്യ മേഖലയില്‍ കേരളം വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ബാലുശേരി താലൂക്ക് ആശുപത്രിയില്‍ 26.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പൊതുജനാരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംസ്‌ഥാനത്ത് ഉണ്ടായതെന്നും ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നതും ആരോഗ്യ ബജറ്റില്‍ മുന്‍ഗണന നല്‍കുന്നതും കേരളമാണെന്നും മന്ത്രി വ്യക്‌തമാക്കി. നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഞ്ച് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ അത്യാഹിത വിഭാഗം, വിവിധ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലേബര്‍ റൂം, എന്‍.ഐ.സി.യു, ഐ.സി.യു, വിവിധ വാര്‍ഡുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. മലിനജല സംസ്‌കരണ പ്ലാന്റ്, സി.സി.ടി.വി, ലിഫ്‌റ്റ്, ബയോഗ്യാസ് പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മായില്‍ കുറുമ്പൊയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.