-->
അടൂര്‍: ഏറത്ത് പഞ്ചായത്ത് വയലാ വാര്‍ഡിലെ ആരോഗ്യ ഉപകേന്ദ്രം ശോചനീയാവസ്‌ഥയില്‍. കെട്ടിടം പുതുക്കി പണിയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ല. ഏറത്ത് പഞ്ചായത്തിലെ വയലായിലുള്ള ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം ഇപ്പോള്‍ തീര്‍ത്തും അപകടാവസ്‌ഥയിലുള്ളത്. കെട്ടിടത്തിന് 60 വര്‍ഷം പഴക്കമുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ ഒന്നാണിത്. അന്നത്തെ കാലത്ത് ഇവിടെ സേവനത്തിന് എത്തുന്ന ഡോക്‌ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കാന്‍ ഉള്‍പ്പെടെ സൗകര്യമുള്ള കെട്ടിടമായിരുന്നു. പക്ഷേ കൃത്യമായ നവീകരണങ്ങള്‍ നടത്താത്തതിനാലാണ് ഇപ്പോള്‍ ശോചനീയാവസ്‌ഥയിലായത്. കെട്ടിടത്തിന്റെ മിക്ക ഇടങ്ങളിലും പൊട്ടിപൊളിഞ്ഞ് വിളളലുകള്‍ വീണിട്ടുണ്ട്. ശൗചാലയങ്ങളും കിണറും ഉപയോഗശൂന്യമായി കാടും മൂടി കിടക്കുകയാണ്.
ഉടമസ്‌ഥതയാണ് മറ്റൊരു പ്രശ്‌നം . പഞ്ചായത്തിന്റെ ആസ്‌തി രജിസ്‌റ്ററില്‍ ഉള്‍പ്പെടാത്തതിനാലാണ് കെട്ടിടം നവീകരിക്കാനാവാത്തത്. 1965-ല്‍ നിര്‍മ്മിച്ച കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണ്. സ്‌ഥലം റവന്യൂ വകുപ്പിന്റെ പരിധിയിലും കെട്ടിടം പൊതുമരാമത്ത് വകയുമാണ്. ഇതിന്റെ ഉടമസ്‌ഥാവകാശം പഞ്ചായത്തിന് കൈമാറണമെന്നുള്ള ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല. കെട്ടിടം കാലപ്പഴക്കം കാരണം അണ്‍ഫിറ്റ് ആണെന്ന് പഞ്ചായത്ത് എന്‍ജിനീയര്‍ രേഖപ്പെടുത്തിയതാണ്. പഞ്ചായത്തിന് സ്‌ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമസ്‌ഥാവകാശം ലഭിച്ചാല്‍ മാത്രമേ നവീകരണം നടത്താന്‍ സാധിക്കുകയുള്ളു. റവന്യൂ വകുപ്പിലേക്ക് പഞ്ചായത്തില്‍ നിന്നും ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഈ കെട്ടിടത്തിലെ മുറികള്‍ ഉപയോഗിക്കാന്‍ സാധിക്കാതായതോടെ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയ്‌ക്ക് സമീപത്തുള്ള വായനശാലയിലാണ് നടത്തിയത്. വാടകയ്‌ക്ക് മറ്റിടം ലഭിക്കാത്തതോടെയാണ് പ്രവര്‍ത്തനം ഇങ്ങനെ വേണ്ടിവന്നത്. പഴയ കെട്ടിടത്തില്‍ ഒരു മുറി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ശോചനീയാവസ്‌ഥയിലായതിനാല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്.