-->
അയിരൂര്‍: 22 കോടി 65 ലക്ഷത്തി 27 ആയിരത്തി 747 രൂപ ( 2265 27747) വരവും പദ്ധതി ചെലവിനത്തില്‍ 9 കോടി 96 ലക്ഷത്തി മുപ്പത്തിഅയ്യായിരത്തി തൊള്ളായിരത്തി എട്ടു രൂപ (99635908) യും പദ്ധതിയേതര ചെലവിനത്തില്‍ 12 കോടി 48 ലക്ഷത്തി അമ്പത്തി മൂവായിരം രൂപ ( 124853000) യും ഉള്‍പ്പെടെ ആകെ 22 കോടി 44 ലക്ഷത്തി 88 ആയിരത്തി 908 രൂപ(224488908) ചെലവും 20 ലക്ഷത്തി 38 ആയിരത്തി 839 രൂപ (2038839) മിച്ചവും കണക്കാക്കിയിട്ടുള്ള ഗാമപഞ്ചായത്ത് ബഡ്‌ജറ്റ്. വൈസ് പ്രസിഡന്റ് പ്രീതാ ബി നായര്‍ അവതരിപ്പിച്ചു. പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അദ്ധ്യക്ഷത വഹിച്ചു.
ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ദ്ദിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തി. പഞ്ചായത്തിലെ വീടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ഗ്രാമപഞ്ചായത്തില്‍ ക്രമവല്‍ക്കരണം നടത്തുന്നതിന് അപേക്ഷ നല്‍കാത്തതുമായ സ്‌ഥിതിയാണുള്ളത്. വീടുകളുടെ ക്രമവല്‍ക്കരണം കൃത്യമായും കുറ്റമറ്റതായി നടപ്പിലാക്കുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അതുവഴി വരുമാനം വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം ട്രേഡേഴ്‌സ് ലിസ്‌റ്റ് തയ്യാറാക്കിക്കൊണ്ട് മുഴുവന്‍ ടാക്‌സും കളക്‌ട് ചെയ്യും. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിനും കിഴങ്ങ് വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വന്യ മൃഗങ്ങളുടെ ശല്യത്തില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കുന്നതിനും ആയി കാര്‍ഷിക മേഖലയില്‍ 50 ലക്ഷത്തോളം രൂപ വക കൊള്ളിക്കുന്നു.
ക്ഷീരഗ്രാമം പദ്ധതിക്കായി 20 ലക്ഷം രൂപയും കവുങ്ങ് ഗ്രാമം പദ്ധതിക്കായി രണ്ടുലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .പോത്തുകുട്ടി വളര്‍ത്തല്‍ കറവപ്പശുക്കള്‍ക്ക് കാലി തീറ്റ പാലിന് സബ്‌സിഡി മുട്ടക്കോഴികളെ വിതരണം ചെയ്യല്‍ മീന്‍ വളര്‍ത്തല്‍ എന്നീ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തി.കിടപ്പുരോഗികളെ സംരക്ഷിക്കുന്ന പാലിയേറ്റീവ് പദ്ധതിക്കായി 8 ലക്ഷം രൂപയും ഓപ്പണ്‍ ജിം സ്‌ഥാപിക്കുന്നതിന് 13 ലക്ഷം രൂപയും കുട്ടികള്‍ക്ക് പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപയും ബജറ്റിലുണ്ട്. വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മ്മിക്കുന്നതിന് 24 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട സഹായ ഉപകരണങ്ങള്‍ ഉല്ലാസയാത്ര സ്‌കോളര്‍ഷിപ്പ് കലാമേള എന്നിവയ്‌ക്കായി 10 ലക്ഷം രൂപയും നീക്കിവച്ചു.
കുട്ടികള്‍ക്ക് യോഗ കായിക പരിശീലനം കലാപരിശീലനം എന്നിവയ്‌ക്കായി മൂന്നുലക്ഷം രൂപ വകയിരുത്തി. മാലിന്യ വലിച്ചെറിയല്‍ മുക്‌ത പഞ്ചായത്ത് ഇനത്തില്‍ 20 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിയില്‍ വസ്‌തു വാങ്ങി വീട് വയ്‌ക്കുന്നതിനും ഭവന പുനരുദ്ധാരണത്തിനായി 61 ലക്ഷം രൂപ,ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരുകോടി 34 ലക്ഷം രൂപ, തെരുവുവിളക്കുകളുടെ പരിപാലനത്തിനായി 10 ലക്ഷം രൂപ , പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം വാട്ടര്‍ ടാങ്ക് വിദേശ തൊഴില്‍ സഹായം എന്നിവയ്‌ക്കായി ഏഴ് ലക്ഷം രൂപ അതി ദരിദ്രര്‍ക്ക് വേണ്ടിയുള്ള ഭക്ഷ്യ കിറ്റും ഭക്ഷണവിതരണവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയ്‌ക്കായി ഒരുകോടി 61 ലക്ഷം രൂപ, 50 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് ഓഫീസിന്റെ പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.