-->
കോട്ടയം: ഭരണസിരാ കേന്ദ്രത്തിനു സമീപം ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്രയം പെരുവഴി മാത്രം. കലക്‌ടറേറ്റ് കവാടത്തിനു സമീപം കിഴക്കന്‍ ഭാഗത്തേയ്‌ക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയതോടെയാണു യാത്രക്കാര്‍ മഴയും വെയിലുമേറ്റ് ബസ് കാത്തു നില്‍ക്കേണ്ടി വരുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ഇതിനു സമീപത്താണു ജില്ലാ പഞ്ചായത്ത് കെട്ടിടവും, ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനും സ്‌ഥിതി ചെയ്യുന്നത്.
ചങ്ങനാശേരി, പാലാ, അയര്‍ക്കുന്നം, തിരുവഞ്ചൂര്‍, കഞ്ഞിക്കുഴി, പുതുപ്പള്ളി, കൊല്ലാട്, കുമളി, കട്ടപ്പന, പള്ളിക്കത്തോട്, അരീപ്പറമ്പ്, ളാക്കാട്ടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല തുടങ്ങി നിരവധിയിടങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇതുവഴിയാണു കടന്നുപോകുന്നത്.
നിരവധി സ്വകര്യ സ്‌ഥാപനങ്ങളിലെയും കലക്‌ടറേറ്റ്, കോടതി, ജില്ലാ പഞ്ചായത്ത് തുടങ്ങി വിവിധ ഓഫീസുകളിലെയും ജീവനക്കാര്‍ ഈ കാത്തിരിപ്പു കേന്ദ്രത്തെയാണു ബസ് കയറുന്നതിനായി ആശ്രയിച്ചിരുന്നത്. റോഡ് നവീകരിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാത്തിരിപ്പു കേന്ദ്രം വന്നില്ല. സമീപത്ത് വ്യാപാരസ്‌ഥാപനങ്ങളും, മറ്റ് സ്‌ഥാപനങ്ങളും ഇല്ലാത്തതിനാല്‍ മഴയത്തും വെയിലത്തും യാത്രക്കാര്‍ ഇവിടെ തന്നെ നില്‍ക്കേണ്ട ഗതികേടിലാണ്.
മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിനും പരിഹാരമില്ല. റോഡ് വീതിയില്‍ ടാറിങ് നടത്തിയെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല. ദിവസങ്ങള്‍ക്കു മുമ്പു പെയ്‌ത മഴയില്‍ ഇവിടെ വലിയ വെള്ളക്കെട്ടാണു രൂപപ്പെട്ടത്. ദേശീയപാതയില്‍ ടാറിങ്ങ് നടത്തിയപ്പോള്‍ മഴവെള്ളം ഒലിച്ചു പോകാന്‍ ഇവിടെ സംവിധാനം ഇല്ലാതെയായി. കലക്‌ടറുടെ ഓഫീസിനു തൊട്ടടുത്താണു വെള്ളക്കെട്ടെങ്കിലും ഇതു പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഒന്നും ചെയ്യുന്നില്ല.
ടാറിങ്ങില്‍ സംഭവിച്ച അപാകമാണ വെള്ളംകെട്ടി നില്‍ക്കാന്‍ കാരണം. മുന്‍പുണ്ടായിരുന്നതിനെക്കാള്‍ വലിയ വെള്ളക്കെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. മുന്‍പു വെള്ളം ഒഴുകി പോകാന്‍ സൗകര്യമുണ്ടായിരുന്ന ഓട കരാറുകാരന്‍ കോണ്‍ക്രീറ്റ് ചെയ്‌ത് അടക്കുകയായിരുന്നു. പിന്നീട്,ഇതിന്റെ തിക്‌തഫലം കലക്‌ടറേറ്റില്‍ എത്തുന്നവരും ഡ്രൈവര്‍മാരും യാത്രക്കാരും ആണ് അനുഭവിക്കുന്നത്. മുന്‍ ജില്ലാ കലക്‌ടറായിരുന്ന ജോണ്‍ പി.സാമുവലിന് ഇതു സംബന്ധിച്ച നിവേദനം തൊഴിലാളികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയില്ല.