-->
കോട്ടയം: ദേശീയപാത 183 യുടെ കോട്ടയം ഐഡ ജങഷന്‍ മുതല്‍ പുളിക്കല്‍ കവല വരെയുള്ള ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് അളന്ന് തിരിച്ച് കല്ലുകള്‍ സ്‌ഥാപിക്കുന്നതിനായി പ്രത്യേക സര്‍വേ സംഘത്തെ നിയോഗിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു.
കലക്‌ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു എങ്കിലും ഒരു സര്‍വ്വേയരെ മാത്രമാണ് ഇപ്പോള്‍ ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇങ്ങനെ സര്‍വേ നടത്തിയാല്‍ 26 കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശവും അളന്ന് തിരിച്ച് കല്ലുകള്‍ സ്‌ഥാപിക്കണമെങ്കില്‍ മാസങ്ങള്‍ എടുക്കുമെന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
അനുവദിച്ച 150 കോടി രൂപ നഷ്‌ടമാകുന്ന സ്‌ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു.
2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പ്ലാനില്‍ ഉള്‍പ്പെടുത്തി ദേശീയപാതാ അതോറിറ്റി അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 നകം സര്‍വേ പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണു ദേശീയപാതാ വിഭാഗം അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു നല്‍കിയില്ലങ്കില്‍ പദ്ധതി നഷ്‌ടപ്പെടാന്‍ കാരണമാകും.
നിലവിലുള്ള റോഡില്‍ 6 മീറ്റര്‍ വീതിയിലാണ് ടാറിങ്ങ് ഉള്ളത്. ഇത് 10 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്‌തു രണ്ടു വരി പാതയാക്കാനാണു പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതോടൊപ്പം ആവശ്യമായ സ്‌ഥലങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടമായി നിലവിലുള്ള റോഡ് അളന്ന് തിരിച്ച് അതിര്‍ത്തി കല്ലുകള്‍ സ്‌ഥാപിക്കണം. ഈ പ്രവൃത്തി നടത്തുന്നതിനായി 13 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സര്‍വേ നടത്തേണ്ട .ഉദ്യോഗസ്‌ഥരെ ഇലക്ഷന്റെ ഭാഗമായി സ്‌ഥലം മാറ്റിയതാണ് പ്രതിസന്ധി ഉണ്ടാകുവാന്‍ കാരണമായത്. ദേശിയ പതാ വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്.സുര, അസിസ്‌റ്റന്റ് എഞ്ചിനീയര്‍ കെ.എം അരവിന്ദ്, താലൂക്ക് സര്‍വ്വേയര്‍ ആര്‍. നിഥിന്‍ എന്നിവരാണ് ഇപ്പോള്‍ സര്‍വേ നടത്തുന്നത്.