Wednesday, March 11, 2026 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.29 AM

തെരഞ്ഞെടുപ്പ്‌, വോട്ടര്‍പ്പട്ടിക പരിഷ്‌കരണം, പെരുന്നാള്‍... ഇതരസംസ്‌ഥാന തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക്‌

കോട്ടയം: തെരഞ്ഞെടുപ്പ്‌, വോട്ടര്‍ പട്ടിക പരിഷ്‌കരണം, പെരുന്നാള്‍... ഇതരസംസ്‌ഥാന തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയിലെ കാര്‍ഷിക, നിര്‍മാണ, വ്യവസായ മേഖലകളില്‍ പ്രതിസന്ധി. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമായ ഘട്ടത്തിലാണ്‌ തൊഴിലാളികളുടെ മടങ്ങിപ്പോക്ക്‌. പോകുന്നവരില്‍ പകുതിയും നിശ്‌ചിത സമയത്തു മടങ്ങിവരാറില്ലെന്നതും തിരിച്ചടിയാണ്‌്.
ജില്ലയില്‍ വിവിധ മേഖലകളിലായി നാല്‍പ്പതിനായിരത്തോളം അതിഥി തൊഴിലാളികളുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളിലും നിര്‍മാണ മേഖലകളിലുമാണ്‌് കൂടുതല്‍ പേരും ജോലി ചെയ്യുന്നത്‌. കൃഷി, ഫാം മേഖലകളിലും തൊഴിലാളികളേറെയുണ്ട്‌. അന്യസംസ്‌ഥാന തൊഴിലാളികള്‍ ഇല്ലാതെ കൈത കൃഷി മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നു കര്‍ഷകര്‍ പറയുന്നു. ചെറുകിട, വന്‍കിട ഫാമുകളുടെയെല്ലാം സുഗമമായ പ്രവര്‍ത്തനം അന്യസംസ്‌ഥാന തൊഴിലാളികളുടെ സഹായത്താലാണ്‌.
കെട്ടിട നിര്‍മാണ മേഖലയില്‍ 50 ശതമാനത്തിനു മുകളിലാണ്‌ അതിഥി തൊഴിലാളികളുടെ സാന്നിധ്യം. ചിക്കന്‍, മീന്‍, മീറ്റ്‌ കടകളിലെ ജോലിക്കാരില്‍ ഭൂരിഭാഗവും ഇവര്‍ തന്നെ. താരതമ്യേന കുറഞ്ഞ കൂലിയും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മടിയില്ലെന്നതുമാണ്‌ അന്യസംസ്‌ഥാന തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ കാരണം. ഇവരില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരായതിനാല്‍ ഭാഷയും വശമായി.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പങ്കാളികളായില്ലെങ്കില്‍ ആനുകുല്യങ്ങള്‍ നഷ്‌ടപ്പെടുമെന്ന പ്രചാരണത്തെത്തുടര്‍ന്നു നിരവധി പേര്‍ ആദ്യ ഘട്ടത്തില്‍ മടങ്ങിയിരുന്നു. തൊഴിലാളികളില്‍ ഏറിയ പങ്കും ബംഗാളില്‍ നിന്നുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പ്‌ സാഹചര്യത്തില്‍ മടങ്ങി. വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധമായി എത്തണമെന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ നിര്‍ബന്ധം പലര്‍ക്കുമുണ്ടായിരുന്നതായി തൊഴിലുടമകള്‍ പറയുന്നു.
ഒരുവിഭാഗം ഇപ്പോള്‍ തന്നെ മടങ്ങിയെങ്കില്‍ മറ്റൊരു വിഭാഗം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ ഉടന്‍ മടങ്ങാന്‍ തയാറായിരിക്കുകയാണ്‌. റംസാന്‍ പെരുന്നാള്‍ കൂടി വരുന്നതിനാല്‍ രണ്ട്‌ ആവശ്യങ്ങള്‍ക്കും കൂടി ഒന്നിച്ചു പോകുന്നവരുമുണ്ട്‌.
നിര്‍മാണ മേഖലയിലും കൈത കൃഷി മേഖലയിലുമാണ്‌ ഇവരുടെ മടങ്ങിപ്പോക്ക്‌ ഏറെ തിരിച്ചടിയാകുന്നത്‌. പുതുതായി ആളെത്തിയാലും മേഖലയില്‍ പരിചയമില്ലെങ്കില്‍ ഉടമകള്‍ക്കു നഷ്‌ടമാകും.രണ്ടൂം മൂന്നും ദിവസം ജോലി ചെയ്‌ത ശേഷം ഇവരില്‍ പലരും മടങ്ങും. ഇവര്‍ക്കു പകരമായി നാട്ടില്‍ നിന്നു ജോലിക്കാരെ ലഭിക്കുന്ന സാഹചര്യവും കുറവാണ്‌.

Ads by Google
Advertisement
Tuesday 10 Mar 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW