Tuesday, March 10, 2026 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.27 AM

കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെ.വി. വൈദ്യുതി ലൈന്‍: കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌

നെടുങ്കണ്ടം: കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെ.വി. വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട്‌ കര്‍ഷകര്‍ക്ക്‌ അടിയന്തരമായി നഷ്‌ടപരിഹാരം നല്‍കണമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട്‌ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി നാളെ ആക്ഷന്‍ കൗണ്‍സിലിന്റെ പൊതുയോഗം ബഥേല്‍ സെന്റ്‌ ജേക്കബ്‌സ് പള്ളി പാരിഷ്‌ ഹാളില്‍ നടക്കും. 2009 ല്‍ വിഭാവനം ചെയ്‌തതാണ്‌ കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെ.വി പദ്ധതി. 2012 ല്‍ ഇതുമായി ബന്ധപ്പെട്ട്‌ ബോര്‍ഡ്‌ കര്‍ഷകരെ സമീപിച്ചെങ്കിലും കൃഷിഭൂമിയും കാര്‍ഷിക വിളകളും ഇല്ലാതെയാക്കുന്ന പദ്ധതി ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന്‌ ബോര്‍ഡ്‌ പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനക്കാര്‍ നിശബ്‌ദമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ഉടമസ്‌ഥര്‍ അറിയാതെ അടയാളക്കല്ലുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തു. സമീപകാലത്താണ്‌ ഈ ലൈന്‍ കൊമ്പൊടിഞ്ഞാലില്‍ നിന്നും പണിക്കന്‍ കുടി, മേലേചിന്നാര്‍, മഞ്ഞപ്പാറ, പച്ചടി, ബഥേല്‍, പത്തുവളവ്‌, ചക്കക്കാനം, കല്ലാര്‍ തുടങ്ങിയ ജനവാസമേഖലകളിലൂടെയാണ്‌ കടന്നുപോകുന്നതെന്ന്‌ പ്രദേശവാസികള്‍ അറിയുന്നത്‌. ഏറ്റെടുക്കുന്ന സ്‌ഥലത്തിന്റെ വിലയെപ്പറ്റിയോ കാര്‍ഷികവിളകളുടെ നഷ്‌ടപരിഹാരത്തെപ്പറ്റിയോ കര്‍ഷകരോട്‌ സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ സര്‍വേ നടപടികള്‍ തുടരുകയും പണിക്കന്‍കുടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കഴിഞ്ഞവര്‍ഷം ആക്ഷന്‍ കൗണ്‍സിലിന്‌ രൂപം നല്‍കിയത്‌.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വൈദ്യുതി വകുപ്പ്‌ അധികൃതരുമായും മന്ത്രി ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഷ്‌ടപരിഹാരം കണക്കാക്കുന്നതിനായി കമ്മറ്റി രൂപീകരിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല. കാര്‍ഷിക വിളകളുടെ ഇനം തിരിച്ച്‌ 30 മുതല്‍ 50 വര്‍ഷത്തെ ആദായനഷ്‌ടം കണക്കാക്കി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വൈദ്യുതി ലൈന്‍ കടന്നുപോകുന്ന മേഖലയില്‍ 440 കുടുംബങ്ങളുണ്ട്‌. ഇവരുടെ യോഗമാണ്‌ നാളെ നടക്കുന്നത്‌. ഈ യോഗത്തില്‍ തുടര്‍ നടപടികളും മറ്റും തീരുമാനിക്കുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ജോസഫ്‌ നടുപ്പടവില്‍, കണ്‍വീനര്‍ ജോണ്‍സണ്‍ കിഴക്കേക്കര, സജി പേഴത്തു വയലില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, മാത്തുക്കുട്ടി ഇടയിടം, രാജേഷ്‌ അമ്പഴം, തോമസ്‌ കോട്ടുതുണ്ടിയില്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 10 Mar 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW