Wednesday, March 11, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.27 AM

ഉടുമ്പന്‍ചോലയില്‍ ജയചന്ദ്രനെ എതിരിടാന്‍ ആര്‌?

നെടുങ്കണ്ടം: കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തുടര്‍ച്ചയായി സി.പി.എം. ഉരുക്കുകോട്ടയായി നിലനിര്‍ത്തുന്ന ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ കോട്ട നിലനിര്‍ത്താന്‍ ഇടത്‌ മുന്നണിയില്‍ കെ.കെ. ജയചന്ദ്രന്‍ തിരികെയെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥി മോഹികള്‍ ഏറെ. എന്നാല്‍ സാമുദായിക പരിഗണ ചര്‍ച്ചയാക്കി യുവ നേതാവ്‌ സീറ്റുറപ്പിച്ചതായും സൂചനയണ്ട്‌. ജില്ലയില്‍ എല്‍.ഡി.എഫ്‌ വലിയ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ്‌ ഉടുമ്പന്‍ചോല.
2001ല്‍ കെ.കെ. ജയചന്ദ്രനിലൂടെ ഇടതുമുന്നണി പിടിച്ചെടുത്ത മണ്ഡലത്തില്‍ അദ്ദേഹം തുടര്‍ച്ചയായി മൂന്ന്‌ തവണ വിജയിച്ചു. ബി.ഡി.ജെ.എസ്‌ സ്‌ഥാനാര്‍ഥിയുടെ വരവോടെ ശക്‌തമായ ത്രികോണ മത്സരം നടന്ന 2016 ല്‍ 1109 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ്‌ എം.എം. മണി യു.ഡി.എഫിലെ സേനാപതി വേണുവിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തിയത്‌.
പിന്നീട്‌ മന്ത്രിയായ മണി കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിലാണ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ഇ.എം. ആഗസ്‌തിയെ പരാജയപ്പെടുത്തിയത്‌. 38,305 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നിയോജക മണ്ഡലത്തിലെ പത്ത്‌ പഞ്ചായത്തും ഇടതുമുന്നണി ഭരണം പിടിച്ചിരുന്നു.
എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ സ്‌ഥിതിയാകെ മാറിയിട്ടുണ്ട്‌. അഞ്ച്‌ പഞ്ചായത്ത്‌ യു.ഡി.എഫ്‌ പിടിച്ചെടുത്തു. രാജകുമാരിയില്‍ ഒപ്പത്തിനൊപ്പം വന്നതും 27 വര്‍ഷത്തിന്‌ ശേഷം രാജക്കാട്‌ പഞ്ചായത്ത്‌ യു.ഡി.എഫ.്‌ പിടിച്ചെടുത്തതും ഇടത്‌ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്‌. അതിനാല്‍ എം.എം. മണിയെ തന്നെ മത്സരത്തിനിറക്കാന്‍ ഒരു വിഭാഗം വാശിപിടിച്ചെങ്കിലും സംസ്‌ഥാന നേതൃത്വത്തിന്റെ ശക്‌തമായ ഇടപെടലില്‍ സംസ്‌ ഥാന സെക്രേട്ടറിയറ്റ്‌ അംഗം കെ.കെ. ജയചന്ദ്രന്‍ സീറ്റ്‌ ഉറപ്പിക്കുകയായിരുന്നു.
ഇതില്‍ എം.എം.മണിക്ക്‌ നീരസവുമുണ്ട്‌. മണി മാറിയതോടെ കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥി മോഹികള്‍ കൂടിയിരുന്നു. ആദ്യം മുതല്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന മുമ്പ്‌ മണ്ഡലത്തില്‍നിന്നു മത്സരിച്ചിട്ടുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, മീഡിയ വക്‌താവ്‌ സേനാപതി വേണു ഇവരെ കൂടാതെ കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി, ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി എന്നിവരുടെ പേരുകള്‍ എല്ലാം പിന്തള്ളി ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.അരുണ്‍ സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചതായാണ്‌ പുറത്തുവരുന്ന സൂചന. സാമുദായിക പരിഗണന നല്‍കി ഈഴവ വിഭാഗത്തിന്‌ സീറ്റ്‌ നല്‍കണമെന്ന്‌ നേതൃത്വത്തില്‍ ധാരണയായെന്നും സൂചനയുണ്ട്‌. അരുണിനായി നവമാധ്യമങ്ങളിലൂടെ പി.ആര്‍ വര്‍ക്കും ആരംഭിച്ചിട്ടുണ്ട്‌.
പട്ടികയിലുള്ള സേനാപതി വേണുവും ഈഴവ വിഭാഗത്തില്‍ നിന്നുള്ള ആളാണെങ്കിലും കഴിഞ്ഞ തവണ മത്സരിക്കാന്‍ തയാറാകാതിരുന്നതിനാല്‍ ഇത്തവണ പരിഗണിക്കരുതെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടത്രേ. അതേസമയം കെ.എസ്‌. അരുണിന്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമില്ലെന്ന്‌ കാട്ടി പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌.
രാജാക്കാട്‌ മുതല്‍ ഉടുമ്പന്‍ചോല വരെ ഇടത്‌ കോട്ടയില്‍ വോട്ട്‌ ശതമാനം ഉയര്‍ത്തുകയും ബാക്കി അഞ്ച്‌ പഞ്ചായത്തില്‍ വലിയ ഭൂരിപക്ഷവും നേടിയെങ്കില്‍ മാത്രമേ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിക്ക്‌ വിജയിക്കാന്‍ കഴിയൂയെന്നാണ്‌ കോണ്‍ഗ്രസിന്റെ തന്നെ വിലയിരുത്തല്‍.

Ads by Google
Advertisement
Tuesday 10 Mar 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW