-->
മാന്നാര്‍: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ മലയാളത്തിന് ഔദ്യോഗിക ഭരണഭാഷാ പദവി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പി.എന്‍. നെടുവേലി. 1983 മാര്‍ച്ച് മൂന്നിനാണ് കേരള നിയമസഭ കൂടിക്കൊണ്ടിരിക്കെ ഗ്യാലറി യില്‍നിന്നും ഇടിമുഴക്കം പോല മുദ്രാവാക്യം. സഭ പെട്ടെന്ന് നിര്‍ത്തിവെച്ചു. ഭരണഭാഷ മലയാളം ആക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.വൈ.എഫ്. സംസ്‌ഥാന പ്രസിഡന്റ്, പി. എന്‍. നെടുവേലിയുടെ നേതൃത്വത്തില്‍, ആറു യുവാക്കള്‍, നിയമ നിര്‍മ്മാണസഭ നിയമം ലംഘച്ചു സമര വേദിയാക്കുകയായിരുന്നു. ഇതോടെ സമരക്കാരെ സഭ തീരുന്ന 28 വരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്‌ക്കാന്‍ സ്‌പീക്കര്‍ വക്കം പുരുഷോത്തമന്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇ. കെ. നായനാര്‍ ഇടപെട്ട് ആ ശിക്ഷ 10 ദിവസമായി കുറച്ചു. ജയിലില്‍ കിടക്കവേ മാര്‍ച്ച് 10ന് ലോനപ്പന്‍ നമ്പാടന്‍ ഇം?ീഷില്‍ അവതരിപ്പിച്ച ബില്ല് നിയമസഭയില്‍ കത്തിച്ചത് വലിയ ഒച്ചപ്പാടിന് ഇടയാക്കി. ജയിലില്‍ കിടന്നവര്‍ക്ക് അതു വലിയ പ്രചോദനമായി. 1983 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 14 വരെ, പാറശാലയില്‍നിന്നും കണ്ണൂര്‍ വരെ പി. എന്‍. നെടുവേലിയുടെ നേതൃത്വത്തില്‍ 10 പേര്‍ സൈക്കിളില്‍ റാലി നടത്തി. ഒരു രൂപ നിരക്കില്‍ ഭാഷാ സമര പുസ്‌തകങ്ങള്‍ വിറ്റു. 12 ജില്ലകളിലായി 128 കോര്‍ണര്‍ യോഗങ്ങള്‍ നടത്തുകയും ചെയ്‌തു. യോഗങ്ങളില്‍ അതാതു പ്രദേശത്തെ ഭാഷാ അധ്യാപക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചു. 83 ജനുവരി 26 മുതല്‍ മൂന്നു മാസക്കാലം ഇം?ീഷില്‍ മാത്രം എഴുതിയ മുന്നൂറിലധികം ബോര്‍ഡുകള്‍ ടാറടിച്ച് പ്രതിഷേധിച്ചു.
വിവിധ ജില്ലകളായി 42 കേസുകളില്‍ കോടതിവിചാരണ നേരിടേണ്ടി വന്നു. 43 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍ച്ച് മാസം തന്നെ ഗവര്‍ണര്‍ ഒപ്പിട്ട് നിയമം ആകുന്നതില്‍ അഭിമാനിക്കുന്നതായി നെടുവേലി പറഞ്ഞു. കൂടെ സമരം ചെയ്‌ത പി. പി. പൊന്നന്‍ മാവേലിക്കര, തോമസ് ചിലമ്പിക്കുന്നേല്‍ പാലാ, കുമ്പളം സോളമന്‍ കുണ്ടറ, സോമന്‍ വേലഞ്ചിറ കായംകുളം, ഹരികുമാര്‍ ശാസ്‌തമംഗലം എന്നിവര്‍ ജീവനോടെയില്ലാത്തത് സങ്കടമാണെന്ന് നെടുവേലി പറയുന്നു.