-->
പുല്‍പള്ളി: നാടിനെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ കണ്ണീര്‍ കാണുവാന്‍ കഴിയാത്ത കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍, റോം കത്തിയപ്പോള്‍ വീണ മീട്ടിയ നീറോ ചക്രവര്‍ത്തിയെ പോലെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍ പൗലോസ് ആരോപിച്ചു.
കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്ന് വീമ്പ് പറയുകയും മാതൃകാ കര്‍ഷകര്‍ പോലും കടക്കെണെയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുമ്പോഴും എന്താണവരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കാനോ സഹായിക്കാനോ സര്‍ക്കാരുകള്‍ തയാറാകുന്നില്ല.കടക്കെണിയിലായ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഭൂമി വില്‍പനക്കെന്ന് ബാനര്‍ സ്‌ഥാപിച്ച കേരളാ ബാങ്ക് പുല്‍പള്ളി ശാഖക്ക് മുന്‍പില്‍ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത് കൃഷിയിറക്കുന്ന സാധാരണ കര്‍ഷകനെ വരള്‍ച്ചയും, അതിവര്‍ഷവും, രോഗകീടബാധകളും ഒരു ഭാഗത്ത് തളര്‍ത്തുന്നു. മറുഭാഗത്ത് നിത്യേനയെന്നോണം വന്യമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നു.
അതിനെയെല്ലാം അതിജീവിച്ച് മിച്ചം കിട്ടുന്ന കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വിലയും ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍, കുടുംബത്തിന്റെ നിത്യനിദാനച്ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാവശ്യങ്ങള്‍ തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന കര്‍ഷകന് പലപ്പോഴും വായ്‌പയുടെ പലിശ പോലും സമയത്ത് അടക്കാന്‍ കഴിയാതെ വരുന്നു.ഇത്തരം സാഹചര്യങ്ങളില്‍ സഹായത്തിനെത്തേണ്ട സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കാന്‍ തയാറല്ല. പലിശരഹിത കാര്‍ഷിക വായ്‌പാ പദ്ധതി സംസ്‌ഥാനത്തുണ്ടായിട്ടും, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍
ഒരു രൂപാ പോലും സര്‍ക്കാര്‍ ഈ ഇനത്തില്‍ അനുവദിച്ചില്ല. സര്‍ക്കാരിന്റെ കടാശ്വാസ കമ്മീഷന്‍ അനുവദിച്ച ഇളവ് തുക പോലും ബാങ്കുകള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു.ഈ സാഹചര്യത്തില്‍ വായ്‌പാ തിരിച്ചടവ് സാധ്യമാകാതെ വരുന്ന കര്‍ഷകരുടെ ഭൂമി ബാങ്കുകള്‍ തട്ടിയെടുക്കുന്ന സാഹചര്യം വ്യാപകമാവുകയാണ്. വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് കര്‍ഷകരുടെ പേരിലുള്ള ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌പിക്കുകയും, കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കടാശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ തയാറാകുകയും ചെയ്യണമെന്ന് കെ.എല്‍.പൗലോസ് ആവശ്യപ്പെട്ടു. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.യു ഉലഹന്നാന്‍, പി.ഡി. സജി, ബീന ജോസ്, കെ.പി മധു, ടി.എസ് ദിലീപ് കുമാര്‍, ലിസി സാബു, ഗിരിജാ കൃഷ്‌ണന്‍, ജിനി തോമസ്, ശിവരാമന്‍ പാറക്കുഴി, പി.ഡി ജോണി, ബാബു, എല്‍ദോസ് സണ്ണി സെബാസ്‌റ്റ്യന്‍, വി.ഡി. ജോസ്, മാണി കണ്ടത്തിന്‍കര തുടങ്ങിയവര്‍ സംസാരിച്ചു.